നെന്മാറ: കൽച്ചാടി മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കൽച്ചാടി, നിരങ്ങൻപാറ, വടക്കൻ ചിറ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാന ഇറങ്ങിയത്. മലയോര മേഖലയിലെ വൈദ്യുത വേലികൾ മറികടന്ന് വീട്ടുവളപ്പുകളിലെ ചക്കകൾ തേടിയാണ് കാട്ടാന എത്തിയത്. രാവിലെ റബർ ടാപ്പിങ്ങിന് എത്തിയ തന്റെ ഇരുചക്രവാഹനത്തിന്റെ ശബ്ദവും വെളിച്ചവും കണ്ടാണ് കാട്ടാന തോട്ടത്തിൽനിന്ന് കയറിപ്പോയതെന്ന് പ്രദീപ് പറഞ്ഞു.
ഒരു മാസത്തെ ഇടവേളയിൽ കാട്ടാന എത്തിയത് സമീപതോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികളെ ഭീതിയിലാക്കി. കർഷകരായ അബ്ബാസ് കരിമ്പാറ, കൂരംതാഴത്ത് അബ്രഹാം എന്നിവരുടെ സ്ഥലത്തെ പ്ലാവുകളിലെ ചക്ക തിന്നുകയും മരത്തിൽ കുത്തി ചുവട് ഇളക്കിയിട്ടുമുണ്ട്. റബർ തോട്ടങ്ങൾക്കിടയിലുള്ള ഈറമ്പന തുടങ്ങിയ മരങ്ങൾ കുത്തിമറിച്ചിട്ട് തിന്നിട്ടുണ്ട്. അബ്ബാസിന്റെ മോട്ടോർ ഷെഡിനോട് ചേർന്ന ചെറിയ കുളത്തിന്റെ വശവും ആന ചവിട്ടി ഇടിച്ചിട്ടുണ്ട്.
പ്ലാവുകളിലെ ശേഷിക്കുന്ന ചക്കകൾ കർഷകർ വെട്ടിമാറ്റി. കാട്ടാനപ്പേടിയിൽ പ്രദേശത്തുനിന്ന് താമസം ഉപേക്ഷിച്ചുപോയ കർഷകരുടെ കൃഷിയിടങ്ങളിലാണ് ആന കൂടുതൽ സമയം ചെലവഴിച്ചത്.
കഴിഞ്ഞദിവസം കാട്ടാന നിലയുറപ്പിച്ച റബർ തോട്ടത്തിന് 100 മീറ്റർ അകലെ ആറ് വീടുകളുണ്ട്. സൗരോർജ വേലി ഉയരം കുറഞ്ഞതും ചിലയിടങ്ങളിൽ ചാഞ്ഞു നിൽക്കുന്നതും വേനലായതിനാൽ മണ്ണിലെ ഈർപ്പക്കുറവ് മൂലം ഷോക്ക് കുറവായതും കാട്ടാനക്ക് കൃഷിയിടങ്ങളിൽ വരാൻ സൗകര്യമാകുന്നതായി പ്രദേശത്തെ കർഷകർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.