പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചു. തുരത്താൻ ശ്രമിച്ച നാട്ടുകാർക്കുനേരെ പാഞ്ഞടുത്ത കാട്ടാനയിൽനിന്ന് തലനാരിഴക്കാണ് ആളുകൾ രക്ഷപ്പെട്ടത്. കഞ്ചിക്കോട് എ.വി.പി-വല്ലടി റോഡിൽ സൂര്യപ്പൊറ്റ ഭാഗത്താണ് ശനിയാഴ്ച പുലർച്ച ആറുമണിയോടെ അപ്രതീക്ഷിതമായി കാട്ടാനയെ കണ്ടത്.
വാളയാർ, കഞ്ചിക്കോട്, മലമ്പുഴ ഭാഗങ്ങളിൽ ഭീതി വിതച്ചു വിലസുന്ന ചുരുളി കൊമ്പനാണ് സൂര്യപ്പൊറ്റയിലെത്തിയത്. നാലിലധികം ആളുകളെ കൊലപ്പെടുത്തിയ ഈ കാട്ടാന നാട്ടുകാരുടെ പേടിസ്വപ്നമാണ്. വെള്ളിയാഴ്ച അർധരാത്രിയോടെ കാടിറങ്ങിയ കൊമ്പൻ സൂര്യപ്പൊറ്റയിലെ മുത്തുവമ്മയുടെ മാന്തോപ്പിൽ നിന്നാണ് അതിരാവിലെ കാടുകയറാനായി റോഡിലേക്ക് ഇറങ്ങിയത്.
രാവിലെ മദ്റസയിലേക്ക് പോകുന്ന കുട്ടികളും കമ്പനി തൊഴിലാളികളും യാത്ര ചെയ്യുന്ന പ്രധാന റോഡാണ് സൂര്യപ്പൊറ്റ-വല്ലടി റോഡ്. അപ്രതീക്ഷിതമായി റോഡിൽ കാട്ടാനയെ കണ്ട നാട്ടുകാർ ഭയന്നോടി. തുടർന്ന് കൂവി വിളിച്ചും മറ്റും ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിച്ച നാട്ടുകാർക്കു നേരെ ആന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു.
സൂര്യപ്പൊറ്റയിലെ ബാലകൃഷ്ണന്റെ വീടിനു മുന്നിലെത്തിയ ആന ഗേറ്റ് തകർത്ത് വീട്ടിനകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പിന്മാറി. വാളയാർ, നടുപ്പതി, കഞ്ചിക്കോട്, മലമ്പുഴ, കൊട്ടേക്കാട് മേഖലയിൽ നിരവധിയാളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും അടുത്തുണ്ടായ ദാരുണ സംഭവമാണ് ഒരു മാധ്യമപ്രവർത്തകന്റെ മരണം. വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തിയില്ലെന്ന പരാതിയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.