അകത്തേത്തറ: പി.ടി ഏഴ് (പാലക്കാട് ടസ്കർ) ആനയുടെ സഞ്ചാരം ജനവാസ മേഖലയിൽ പതിവായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പെടാപ്പാടിന് അറുതിയായില്ല. അക്രമാസക്തനായ പി.ടി ഏഴാമന്റെ കലി തീരുന്നില്ലെന്നതാണ് കൃഷി നാശത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയും തിങ്കളാഴ്ച അർധരാത്രിയിലും പി.ടി ഏഴാമൻ ധോണിയിലെ നാട്ടുപാതകളിലൂടെ കറങ്ങി. വീടുകളുടെ മുകളിലിരുന്ന് പടക്കം പൊട്ടിച്ചും ഉയർന്ന ക്ഷമതയുള്ള വൈദ്യുതി ടോർച്ച് തെളിച്ചുമാണ് നാട്ടുകാർ കൊമ്പനെ അകറ്റിയത്. ധോണി സെൻറ് തോമസ് നഗറിലാണ് കാട്ടുകൊമ്പൻ രാത്രി ഇറങ്ങിയത്.
ദ്രുത പ്രതികരണ സേന കാട്ടാന വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നുണ്ട്. ആൾപെരുമാറ്റം തിരിച്ചറിഞ്ഞാൽ ജനങ്ങൾക്ക് പരിചയമില്ലാത്ത കാട്ടുവഴികളിലൂടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. ധോണി ജനവാസ മേഖലയും വനാതിർത്തിയും തമ്മിൽ അധികം ദൂരമില്ലാത്തതും കാട്ടാനകൾക്ക് പ്രദേശത്ത് ഇറങ്ങുന്നതിന് എളുപ്പമാവുന്നു. ഒരു ഭാഗത്ത് ഇറങ്ങിയ ആനയെ വിരട്ടിയാൽ തൊട്ടടുത്ത സ്ഥലത്ത് എത്തും. വിളകൾ തിന്നും നശിപ്പിച്ചും തൊട്ടടുത്ത കാട്ടിൽ കയറി നിൽക്കും. ആളും ആരവവും ഒഴിഞ്ഞാൽ മറ്റൊരു വഴിയിലൂടെ ഇറങ്ങും. ഇതാണ് രണ്ടാഴ്ചക്കാലമായി ധോണിയിലും പരിസര പ്രദേശങ്ങളിലും കൊമ്പന്റെ രീതി.
തനിച്ചും കൂട്ടായും ചേർന്ന് വിലസുന്ന കൊമ്പൻ രണ്ട് ദിവസമായി ഒറ്റക്കാണ് നാട്ടിലിറങ്ങിയത്. ചൊവ്വാഴ്ചയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള പരിശോധനയും ദ്രുത പ്രതികരണ സേനയുടെ നിരീക്ഷണവും തുടർന്നു. വയനാട് നിന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയും 20 അംഗ എലിഫൻറ് സ്ക്വാഡും ബുധനാഴ്ച വൈകീട്ട് ധോണിയിലെത്തും. തുടർന്ന് മയക്കുവെടിവെച്ച് പിടികൂടുന്നതിന് ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വിശകലനം ചെയ്യും. പിടികൂടൽ ദൗത്യത്തിന്റെ രൂപരേഖ ഉരുത്തിരിയുന്നതോടെ ദൗത്യം പൂർത്തിയാക്കുന്ന പ്രവർത്തനം ആരംഭിക്കുമെന്ന് അസിസ്റ്റൻറ് വനം കൺസർവേറ്റർ ബി. രഞ്ജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.