നെന്മാറ: അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ റബ്ബർ തോട്ടങ്ങളിൽ പട്ടാപ്പകലും കാട്ടാന വിളയാട്ടം. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കെത്തിയ ചേവിണി ബാബു-മഞ്ജു ദമ്പതികളാണ് രാവിലെ 7.30യോടെ കാട്ടാനക്കൂട്ടത്തെ കണ്ടത്.
കാട്ടാനകൾ റബ്ബർ തോട്ടത്തിൽ നിൽക്കുന്നതുകണ്ട് തൊഴിലാളികൾ ഒച്ച വച്ചതോടെ സമീപത്തെ പുഴയുടെ വശത്തുകൂടി വനത്തിലേക്ക് കയറിപ്പോയി. കൽച്ചാടിയിലെ റബ്ബർ തോട്ടം ഉടമയായ എം. അബ്ബാസ് ഒറവഞ്ചിറയുടെ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം പകൽ നിലയുറപ്പിച്ചത്.
മുമ്പ് രാത്രികളിൽ മാത്രം കൃഷിയിടങ്ങളിൽ വന്നിരുന്ന കാട്ടാനകൾ ഇപ്പോൾ പകൽ സമയത്തും എത്തുന്നത് തൊഴിലാളികൾക്ക് ഭീഷണിയായി. കാട്ടാന പേടി കാരണം കുറച്ചു വർഷങ്ങളായി മേഖലയിൽ റബ്ബർ ടാപ്പിങ് ഏഴോടെ മാത്രമാണ് ആരംഭിക്കാറുള്ളത്.
പകൽ സമയങ്ങളിൽ തുടർന്നും തോട്ടങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാൽ റബ്ബർ ടാപ്പിങ് നിലക്കുമെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു. കാട്ടാന ഭീതിയിൽ കൽച്ചാടി മേഖലയിൽ താമസിച്ചിരുന്ന കർഷകർ പലരും പ്രദേശത്തുനിന്ന് മാറിത്താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
സൗരോർജ വേലി രാത്രികളിൽ ഏതാനും മണിക്കൂറുകൾക്കു ശേഷം പ്രവർത്തനരഹിതമാകുന്നതാണ് കാട്ടാനകൾ അതിരാവിലെയും പകൽ സമയത്തും കാർഷിക ജനവാസ മേഖലയിൽ വരുന്നതിന് കാരണം. നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലായി 27.5 കിലോമീറ്റർ ദൂരത്ത് വനം വകുപ്പ് മുഖേന സ്ഥാപിക്കാൻ നിർദേശിച്ച സൗരോർജ തൂക്കുവേലിയുടെ നിർമാണം മേഖലയിൽ ആരംഭിച്ചിട്ടില്ല.
ടെൻഡർ നടപടികൾക്ക് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. സമാന രീതിയിലുള്ള തൂക്കുവേലി നിർമാണം മണ്ണാർക്കാട് മേഖലയിൽ ആരംഭിക്കുകയും ചെയ്തു. 10 ദിവസം മുമ്പ് കാട്ടാനക്കൂട്ടം മേഖലയിലെ വിവിധ കൃഷിയിടങ്ങളിൽ എത്തി ഫലവൃക്ഷങ്ങളും കമുകുകളും ഉൾപ്പെടെ നശിപ്പിച്ചിരുന്നു.
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ മൂന്നേക്കറിലും പരിസരങ്ങളിലും ഒറ്റയാൻ കറങ്ങുന്നു. മൂന്നേക്കർ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന രണ്ട് കർഷകരുടെ ഒരു ഡസനിൽ പരം തെങ്ങ് പിഴുതിട്ട് ചവിട്ടിമെതിച്ചു നശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചയാണ് സംഭവം. മൂന്നേക്കർ പ്രധാന പാതവക്കിലുള്ള കൃഷിസ്ഥലത്താണ് കാട്ടാനയുടെ പരാക്രമം. മൂന്നേക്കർ സ്വദേശികളായ മേമന ബാബു, ജോസ് എന്നിവരുടെ തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്.
കർഷകർ സ്വന്തം നിലക്ക് വന്യമൃഗങ്ങളെ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽനിന്ന് അകറ്റാൻ കമ്പിവേലിയും സൗരോർജ വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തകർത്താണ് കാട്ടാന കൃഷിയിടത്തിലെത്തിയത്. ഒരു മാസക്കാലമായി തുപ്പനാട് പുഴയോര പ്രദേശങ്ങളായ മീൻവല്ലത്തും സമീപസ്ഥലങ്ങളിലുമാണ് കാട്ടാന വന്നിരുന്നത്.
പുഴയുടെ തീരപ്രദേശങ്ങളിലെ ഇളംപുല്ലാണ് തിന്നിരുന്നത്. തുടക്കത്തിൽ കാര്യമായ നാശമൊന്നും വരുത്തിയിരുന്നില്ല. ഒരാഴ്ച മുമ്പ് ഈ മേഖലയിലെ മാത്രം 250 റബർ മരങ്ങൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു.
ഇരുട്ടിയാൽ കാടിറങ്ങുന്ന കാട്ടാനകൾ നേരം പുലരും വരെ ജനവാസ മേഖലക്കടുത്ത കൃഷിയിടത്തിലെ വിള തിന്നും നശിപ്പിച്ചാണ് കാട് കയറുന്നത്. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ശല്യം മൂല്യം ഇതിനകം പല കർഷകരും ഉപജീവനത്തിനായി മറ്റു മാർഗങ്ങൾ തേടി പട്ടണപ്രദേശങ്ങളിലേക്ക് ചെക്കേറി.
കാട്ടാനയുടെ ആക്രമണത്തിൽ ഈയിടെ രണ്ട് കർഷകർക്ക് പരിക്കേറ്റിരുന്നു. കാട്ടാന ശല്യം അനിയന്ത്രിതമായാൽ ദ്രുത പ്രതികരണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അവരെത്തി കാട്ടാനകളെ കാട് കയറ്റിയാലും മറ്റ് വഴികളിലൂടെ കാട്ടാനകൾ നാട്ടിലെത്തുമെന്ന് തദ്ദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.