കല്ലടിക്കോട്: മലയോര ഗ്രാമങ്ങളിൽ കാട്ടാന ഭീതി അകലുന്നില്ല. കോരി ചൊരിയുന്ന മഴയത്തും ഒരാഴ്ചയായി കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, മീൻവല്ലം, തുടിക്കോട്, കരിമല, പാങ്ങ് എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടം വിലസുന്നത്. വീട്ടുപറമ്പുകളിലും ഉൾനാടൻ വഴികളിലുമാണ് കാട്ടാനകളുടെ പതിവ് സഞ്ചാരം. പ്രതിരോധ മാർഗങ്ങളായ പടക്കം പൊട്ടിക്കലും പാട്ടകൊട്ടലും കാട്ടാനകളെ തുരത്താൻ പര്യാപ്തമല്ല. കാട്ടാന ശല്യം രൂക്ഷമാവുമ്പോൾ ജാഗ്രത സമിതി ചേർന്ന് തീരുമാനങ്ങളെടുക്കാറുണ്ടെങ്കിലും അവയൊന്നും പ്രാവർത്തികമാവാറില്ലെന്ന് കർഷകരുടെ പരാതി.
കരിമ്പ പഞ്ചായത്തിലെ മലമ്പ്രദേശങ്ങൾ മണ്ണാർക്കാട്, പാലക്കാട് വനം ഡിവിഷനുകളുടെ പ്രവർത്തന പരിധിയിലാണ് ഉള്ളത്. ആറ് മാസത്തിനകം ഈ മേഖലയിൽ മാത്രം നിരവധി കൃഷിനാശം സംഭവിച്ചു. രണ്ടര വർഷം മുൻപ് കാട്ടാനകളെ തുരത്താൻ സ്ഥാപിച്ച തൂക്കുവേലി നാലിടങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങൾ സംരക്ഷിക്കാൻ ജാഗ്രത പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
മുണ്ടൂർ: വനാതിർത്തി പ്രദേശങ്ങളിൽ ഒറ്റയാൻ വിലസുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. മുണ്ടൂർ, പുതുപ്പരിയാരം എന്നീ പഞ്ചായത്തുകളിലെ നാട്ടിൻ പുറങ്ങളിൽ ചക്ക തേടിയാണ് കാട്ടാന ഒറ്റക്കും കൂട്ടമായും എത്തുന്നത്. കഴിഞ്ഞ ദിവസം പുളിയംപുള്ളിയിൽ വീട്ടിനകത്ത് സൂക്ഷിച്ച ചക്ക കാട്ട് കൊമ്പനെടുത്തു തിന്നിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടി വരുകയാണ്. വന്യമൃഗശല്യം കാരണം പലരും കൃഷി ഉപേക്ഷിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനകം അമ്മയും കുഞ്ഞു മടക്കം ആറ്പേരുടെ ജീവനാണ് കാട്ടാനകലിയിൽ പൊലിഞ്ഞത്. കാട്ടാന ശല്യത്തിന് അറുതി വരുത്താൻ വിദഗ്ധ പഠനങ്ങളും നിലച്ചു.
അലനല്ലൂര്‍: കരടിയോട് വനമേഖലയില്‍നിന്ന് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് കാട്ടാനകളെത്തുന്നത് പതിവാകുന്നു. ജനവാസ മേഖലയായ ഇരട്ടവാരിയിലൂടെ തിരുവിഴാംകുന്ന് - അമ്പലപ്പാറ റോഡ് മുറിച്ച് കടന്നാണ് ആനകള്‍ ഫാമിനകത്തേക്ക് കയറുന്നത്. രാത്രിയില്‍ ആനകള്‍ ഈ വഴി സഞ്ചരിക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു. ഒറ്റക്കും കൂട്ടമായുമാണ് ആനകളെത്തുന്നത്. കഴിഞ്ഞ ദിവസമെത്തിയ കൊമ്പന് കാട് കയറിയതായി പറയപ്പെടുന്നു. കാട്ടാനകള്‍ സ്ഥിരമായി എത്തുന്നത് ഫാമിലെ തൊഴിലാളികള്‍ക്കും ഭീഷണയാകുന്നുണ്ട്.
പുലര്‍ച്ചെ കറവയ്ക്കായി എത്തുന്ന തൊഴിലാളികള്‍ക്കാണ് ഏറെ വെല്ലുവിളി. മുമ്പ് തൊഴിലാളികള്‍ കാട്ടാനക്ക് മുന്നിലകപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചക്കയും പനയും തെങ്ങുമെല്ലാം ധാരാളമുള്ളതാണ് ഫാമിലേക്ക് കാട്ടാനകളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. സൈലന്റ് വാലി ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അമ്പലപ്പാറ വനമേഖലയുടെ പലഭാഗങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകള്‍ മാത്രമല്ല പുലി, കടുവ എന്നിവയുടെ സാന്നിധ്യവും ഫാമിനകത്ത് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
കർഷകർക്ക് ഭീഷണിയായി കുരങ്ങും പന്നിയുമുണ്ട്. കാട്ടാനകളിറങ്ങുമ്പോള് വിവരമറിയിച്ചാല്‍ വനപാലകരും, ആർ.ആർ.ടിയും എത്തി തുരത്താറാണ് പതിവ്. ആനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രത്തിന്റെ അതിര്‍ത്തിയില്‍ ട്രെഞ്ച്, തൂക്കുവേലി, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് വെറ്ററിനിറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.