മുതലമട: മകനെ കാത്തുനിൽക്കാതെ ശബരിമുത്തു (52) യാത്രയായി. കഴിഞ്ഞ ആഗസ്റ്റ് 30ന് രാത്രി ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് കാണാതായ സാമുവലിന് (സ്റ്റീഫൻ -28) വേണ്ടിയുള്ള തിരച്ചിൽ 145 ദിവസം കടക്കുമ്പോഴാണ് അച്ഛൻ ശബരിമുത്തു രോഗബാധിതനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ച മരിച്ചത്.
ചപ്പക്കാട് ആദിവാസി കോളനിയിൽനിന്നാണ് സാമുവൽ, അയൽവാസിയും സുഹൃത്തുമായ മുരുകേശൻ (28) എന്നിവരെ കാണാതായത്. സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടം ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാമുവൽ ഉപയോഗിച്ചിരുന്ന ഫോൺ അന്നുരാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഫലവത്തായിരുന്നില്ല. തുടർന്ന്, പൊലീസ് നായെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തിയിരുന്നു. മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായുടെ പരിശോധനയിലും തുമ്പൊന്നും ലഭിച്ചില്ല. ഡ്രോൺ പറത്തിയും വനം വകുപ്പിനൊപ്പം വനത്തിലും സ്വകാര്യ തോട്ടങ്ങളിലും തിരച്ചിൽ നടത്തിയും പൊലീസ് ശ്രമം തുടർന്നു.
അഗ്നിരക്ഷ സേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ പാതാളവരണ്ടി ഉൾപ്പെടെയുള്ളവകൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 60 ദിവസം പിന്നിട്ടിട്ടും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് യുവാക്കളെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. സുന്ദരന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം രണ്ടരമാസം കഴിഞ്ഞും തുടരന്വേഷണം എങ്ങുമെത്താതെ നീളുന്നതിനിടെയാണ്ശബരിമുത്തുവിന്റെ മരണം. മകനെ ജീവനോടെ കണ്ടെത്തുമെന്ന ശബരിമുത്തുവിന്റെയും ഭാര്യ പാപ്പാത്തിയുടെയും വലിയ പ്രതീക്ഷയാണ് അദ്ദേഹത്തിന്റെ മരണശേഷവും ബാക്കി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.