പാലക്കാട്: ലോകത്തെ മികച്ച ശാസ്ത്രജ്ഞൻമാരുടെ പട്ടികയിൽ നേട്ടവുമായി പാലക്കാട് ഐ.ഐ.ടി. കേന്ദ്രത്തിലെ അഞ്ച് അധ്യാപകരാണ് പട്ടികയിൽ ഇടം നേടിയത്. എല്ലാവർഷവും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടിക പുറത്തിറക്കുന്നത് അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയാണ്. മുൻവർഷം പാലക്കാട് ഐ.ഐ.ടിയിൽനിന്ന് മൂന്ന് അധ്യാപകരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ശ്രദ്ധേയമായ നേട്ടം ആഗോള ഗവേഷണത്തിൽ ഐ.ഐ.ടി പാലക്കാടിന്റെ വളർച്ചയെ എടുത്തുകാണിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.
രണ്ട് വ്യത്യസ്ത വിഭാഗങ്ങളുൾപ്പെടുന്നതാണ് പട്ടിക. ശാസ്ത്രജ്ഞരുടെ 2022 വരെയുള്ള പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള ഒരുവിഭാഗവും 2022ലെ പ്രവർത്തനം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടാമത്തെ വിഭാഗം. ഈ രണ്ടുവിഭാഗങ്ങളിൽ ആയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആദ്യവിഭാഗത്തിൽ പ്രഫ. എ. ശേഷാദ്രി ശേഖർ (ഡയറക്ടർ, ഐ.ഐ.ടി പാലക്കാട്), പ്രഫ. ജഗദീഷ് ബേരി (പ്രഫസർ, ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ് വകുപ്പ്) അർഹമായ സ്ഥാനങ്ങൾ നേടി. ഈ വിഭാഗത്തിൽ, മൊത്തം 204,633 ശാസ്ത്രജ്ഞർ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. രണ്ടാം വിഭാഗത്തിൽ പാലക്കാട് ഐ.ഐ.ടിയിൽ നിന്നുള്ള നാല് അധ്യാപകർ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്. പ്രഫ. ജഗദീഷ് ബേരി, ഡോ. യുഗേന്ദർ ഗൗഡ്, ഡോ. പി. അബ്ദുൽ റഷീദ്, എം. ശബരിമല മണികണ്ഠൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.