പുതുനഗരം: സേവനത്തിനെന്ത് പണിമുടക്ക്? പൊതുകുളം വൃത്തിയാക്കി യുവാക്കൾ. പണിമുടക്കിനെ സേവനമാക്കി തത്തമംഗലം നീളിക്കാട്ടിലെ യുവാക്കൾ രംഗത്തെത്തി. നൂറുകണക്കിന് കുടുംബങ്ങൾ കുളിക്കാനുപയോഗിക്കുന്ന രാമോട്ടുകുളം ശുചിയാക്കാനാണ് മുപ്പതോളം വരുന്ന യുവാക്കളും മുതിർന്ന കുട്ടികളും സംഘടിച്ചത്.
മൂന്നു മണിക്കൂറിൽ കുളം വൃത്തിയാക്കി. കുളത്തിൽ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുളക്കടവിലെ ചപ്പുചവറുകൾ, സംരക്ഷണഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുന്ന വിവിധ ചെടികളും വള്ളിപ്പടർപ്പുകളും എന്നിവ എടുത്തു മാറ്റി. ഏകദേശം രണ്ടു ടൺ വരുന്ന ജൈവ അവശിഷ്ടങ്ങൾ ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് യുവാക്കൾ പറഞ്ഞു.
എസ്. ഗണേശൻ, ആർ. ശിവകുമാർ, ആർ. മുരുകേശൻ, ആർ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ ചെയ്ത ഇവരുടെ സാമൂഹ്യ സേവനത്തിന് പിന്തുണയുമായി ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി അംഗം എസ്. ഗുരുവായൂരപ്പൻ, സാമൂഹ്യ സേവനം ചെയ്യുന്നവർക്ക് പ്രോത്സാഹനമായി വീട്ടുപയോഗ സാധനങ്ങൾ സമ്മാനം ചെയ്യുന്ന ഗൂഞ്ജ് എന്ന ദേശീയ സംഘടനയുടെ പാലക്കാട് ടീം കോഓഡിനേറ്റർ ശീതൾ വർഗീസ് എന്നിവരെത്തി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാന കിറ്റ് നൽകുമെന്ന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.