നെല്ല്​ സംഭരണം ഇഴയുന്നു, കർഷകരുടെ മുഖത്ത്​ ആശങ്കയുടെ കാർമേഘം

പന്തളം: മഴ കാരണം നെല്ല്​ സംഭരണം ഇഴയുന്നു. പല പാടശേഖരങ്ങളിലും നെല്ല് ചാക്കിൽ കെട്ടി​വെച്ചിട്ടുപോലും സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിശാലമായ കരിങ്ങാലി പാടശേഖരങ്ങളിൽ പൂർണമായും നെല്ല് സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. ചേരിക്കലിൽ 300 ക്വിന്‍റൽ നെല്ലാണ് ചാക്കിൽ നിറച്ചുവെച്ചിരിക്കുന്നത്. ചില പാഠങ്ങളിൽ സംഭരണം നടക്കുന്നതേയുള്ളൂ. ചേരിക്കൽ, മുടിയൂർക്കോണം, പൂഴിക്കാട് പടിഞ്ഞാറ് തുടങ്ങിയ പാടശേഖരങ്ങളിലും നെല്ല് ചാക്കിൽനിറച്ച് കാത്തിരിക്കുകയാണ്. ഇതിനിടയിൽ നെല്ല് സംഭരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പി.ആർ.എസ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പി.ആർ.എസ് യന്ത്രത്തിലെ സെർവർ മാറ്റി പുതിയത് ലോഡ് ചെയ്യേണ്ടതിനാൽ കാലതാമസം ഉണ്ടായതായി പി.എം.ഒ അധികൃതർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പി.ആർ.എസ് നൽകിത്തുടങ്ങും എന്നും അധികൃതർ പറഞ്ഞു. ലോറിയുടെ കുറവാണ് നെല്ല്​ സംഭരണത്തിന് തടസ്സമായി ഏജന്‍റുമാർ പറയുന്നത്. വലിയ ലോറി എത്താത്ത സ്ഥലങ്ങളിൽ ചെറിയ ലോറികളിൽ കയറ്റി പകർത്തിക്കയറ്റണം. ചെറിയ ലോറി ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും ഒറ്റപ്പെട്ട പാടശേഖരങ്ങളിൽ ഇനിയും കൊയ്ത്തും പൂർത്തിയാകാനുണ്ട്. ഇടക്കിടെ പെയ്യുന്ന മഴ കൊയ്ത്തിന് തടസ്സമാകുകയാണ്. പന്തളം കൃഷിഭവൻ പരിധിയിൽ മാമര പാടത്ത് കൊയ്ത്ത് നടത്താനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കിയെങ്കിലും താഴ്ന്നുപോകുകയായിരുന്നു. തുടർന്ന് കൊയ്ത്ത് നടത്താതെ യന്ത്രം തിരികെ കൊണ്ടുപോയി. ജില്ലയിലെ മറ്റു പാടശേഖരങ്ങളിൽ 80 ശതമാനം കൊയ്ത്തും സംഭരണവും പൂർത്തിയായതായി പാഡി മാർക്കറ്റിങ് അധികൃതർ പറഞ്ഞു. 88,855 മെട്രിക്​ടൺ നെല്ല് ഇതിനോടകം സംഭരിച്ചു. ഇനി 11,000 മെട്രിക്​ടൺ കൂടി മാത്രമേ സംഭരിക്കേണ്ടതായി ഉള്ളൂ എന്നും അധികൃതർ പറയുന്നു. ഫോട്ടോ: ചേരിക്കൽ കൊയ്തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.