ഉറപ്പില്ലാത്ത കെട്ടിടങ്ങളിൽനിന്ന്​ അംഗൻവാടികൾ മാറ്റണം

* അരുവാപ്പുലം പഞ്ചായത്തിലെ 11 അംഗൻവാടികൾക്ക്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 11 അംഗൻവാടി കെട്ടിടങ്ങളുടെ പ്രവർത്തനം ഇവിടെനിന്ന്​ മാറ്റണമെന്നും ഐ.സി.ഡി.സി പ്രോജക്ട്​ ഓഫിസർ കോന്നി താലൂക്ക് വികസന സമിതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കനത്ത മഴയെ തുടർന്ന് കല്ലേലി തോട്ടം വാർഡിൽ 34ാം നമ്പർ അംഗൻവാടിയുടെ മേൽക്കൂര പൂർണമായി തകർന്നത്. അംഗൻവാടിക്കായി എസ്റ്റേറ്റ് മാനേജ്‍മെന്റ് വിട്ടുനൽകിയ കെട്ടിടമാണ് തകർന്നത്. കോന്നി- ചന്ദനപ്പള്ളി റോഡ് നിർമാണം സംബന്ധിച്ച ക്രമക്കേടുമായി ബന്ധപ്പെട്ട് കരാറുകാരനെ മാറ്റാൻ തീരുമാനിച്ചതായി അഡ്വ. കെ.യു. ജനീഷ്​കുമാർ എം.എൽ.എ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. റോഡ് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോന്നി- ചന്ദനപ്പള്ളി റോഡിലെ കൈയേറ്റം, ചെങ്ങറ- പോളചിറക്കൽ റോഡ്, പേരൂർ കുളത്തെ നിലം നികത്തൽ, പോത്തുപാറ, കല്ലേലി, കോന്നി എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ, അട്ടച്ചാക്കൽ ക്രഷർ യൂനിറ്റിലെ നിർമാണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. മലയാലപ്പുഴ പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന കടവ് പുഴ പാലം പുനർനിർമിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് 15 ലക്ഷത്തിന്റെ ടെൻഡർ ഏറ്റെടുത്തതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. താലൂക്കിലെ പൊതുവിതരണ വകുപ്പ് ഗോഡൗണിൽ, അരിയിൽ വണ്ടിനെ കണ്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തും. പുനലൂർ- മൂവാറ്റുപുഴ പാത നിർമാണവുമായി ബന്ധപ്പെട്ട് കോന്നിയിൽ പൈപ്പ് പൊട്ടൽ പരിഹരിക്കണമെന്നും ആവശ്യം ഉയർന്നു. കോന്നി തഹസിൽദാർ രാംദാസ്, വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.