പൂത്തുലഞ്ഞ് അശോകമരങ്ങൾ

കോന്നി: പൂത്തുലഞ്ഞ് നിൽക്കുന്ന അശോകമരങ്ങൾ, അവയിൽനിന്ന്​ തേൻ നുകരാൻ എത്തുന്ന ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും കൂട്ടം. ഈ കാഴ്ച കാണണമെങ്കിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തണം. 15 വർഷമായ നൂറിലധികം അശോകമരങ്ങളാണ് ഇവിടെ ഉള്ളത്. 2007ലാണ്​ ആദ്യമായി ഇവിടെ അശോകമരങ്ങൾ നട്ടത്. തുടർന്ന് 2009, 2010 വർഷങ്ങളിലും ആനത്താവളത്തിനുള്ളിൽ വനം വകുപ്പ് അശോകമരങ്ങൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ ഇപ്പോൾ പൂത്തുലഞ്ഞ് തുടങ്ങി. ആനത്താവളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് കൗതുകമാണ് ഇവയുടെ പൂക്കൾ. രാമായണ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്ന അശോകമരങ്ങൾ അത്തരത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽ സമുദ്രനിരപ്പിൽനിന്ന്​ 750 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന നിത്യഹരിത പൂമരമാണ് അശോകം. ദുഃഖത്തെ അകറ്റി നിർത്തുന്നത് എന്നാണ് അശോകം എന്ന പേരിന്റെ പൊരുൾ. അശോകത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ബി.സി പത്താം നൂറ്റാണ്ടിൽ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ചരകസംഹിതയിലാണ്. പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വ്രണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെ ശമിപ്പിക്കുന്നതിന് അശോകം ഉത്തമമാണെന്ന് ആയുർവേദം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.