പന്തളം: ഓണത്തിനു തലനിറയെ പൂചൂടുന്നവരുടെ ശ്രദ്ധക്ക്, നമ്പിമുല്ലയെ നമ്പരുത്. മുല്ലയുടെ നിറം, ആകൃതി, രൂപം, വരവും തമിഴ്നാട്ടിൽനിന്ന്. പക്ഷേ, മണം മാത്രമില്ല. ഇതാണ് കുടമുല്ലയെയും തമിഴ്നാട്ടിലെ നമ്പിമുല്ലയെന്ന നമ്പ്യാർവട്ടത്തെയും വ്യത്യസ്തമാക്കുന്നത്. രണ്ടുവർഷത്തിലേറെയായി പൂക്കടകളിൽ മുല്ലക്കൊപ്പം ഈ അപരനും എത്തുന്നുണ്ട്. നാട്ടിലെ ചെടികളോടു സാമ്യമാണ് ഇവയുടെ ചെടിയും. എന്നാൽ, പൂക്കൾക്ക് മുല്ലയോടാണ് സാമ്യം. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം.
ചാർത്തുമാലകളിലും കല്യാണമാലകളിലുമാണ് പ്രധാനമായും മുല്ലക്കുപകരം ഇവ ഉപയോഗിക്കുന്നത്. കറ അധികമായതിനാൽ തലയിൽ ചൂടാനാകില്ല. മുല്ലയുടെ പകുതി വിലയുള്ള ഇവ ഒരു ദിവസം മുഴുവൻ പുറത്തുവെച്ചാലും വാടില്ല എന്നതാണ് പ്രത്യേകത. അധികം വിരിയില്ല. വിരിയുന്നതിനുസരിച്ച് വെള്ളനിറം കൂടും. മുല്ലതന്നെ കുടമുല്ല, കുരുക്കുത്തിമുല്ല എന്നുണ്ട്. യഥാർഥ മുല്ല കുരുക്കുത്തിയാണ്. മുല്ലപ്പൂവിന് 12 മണിക്കൂറാണ് പരമാവധി ആയുസ്സ്. 800 രൂപയാണ് ഒരുകിലോ മുല്ലപ്പൂവിന്റെ വില,
ഓണക്കാലമായതിനാൽ പ്രതിദിനം വിലയിൽ മാറ്റംവരും. കല്യാണ അലങ്കാരങ്ങൾക്കും ക്ഷേത്രാലങ്കാരങ്ങൾക്കുമാണ് കൂടുതൽ നമ്പി ആവശ്യക്കാർ. മണമില്ലെന്നുമാത്രം ആരും തിരിച്ചറിയില്ല. തമിഴ്നാടിനു പുറമെ കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം നമ്പി ധാരാളമുണ്ട്. ജില്ലയിൽ പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണെത്തുന്നത്. മുമ്പ് ട്യൂബ് റോസായിരുന്നു മുല്ലക്കൊപ്പം വിപണി കീഴടക്കിയ വരത്തൻ. കാലഘട്ടത്തിനനുസരിച്ച് പൂക്കളും മാറി. ഇപ്പോൾ ട്യൂബ് റോസിന്റെ വരവ് കുറഞ്ഞതോടെ നമ്പി കൂടി.
യഥാർഥ പൂക്കൾ മാത്രമല്ല, നമ്പിയുടെ പ്ലാസ്റ്റിക് മാലയും വിപണിയിൽ സജീവമാണ്. മുല്ലമൊട്ടുപോലെ ചേർന്നുകിടക്കുന്ന ഇവ വിഗ്രഹങ്ങളിൽ ചാർത്താനാണ് ഏറെയും ഉപയോഗിക്കുന്നത്. പലകടക്കാരും തണ്ടിന്റെ നീളം കുറച്ച് മുല്ലക്കൊപ്പം ഇടകലർത്തി ലാഭം കൊയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.