പത്തനംതിട്ട: കലക്ടർ ബംഗ്ലാവിന് നാഥൻ എത്തുന്നു. രണ്ടു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ ബംഗ്ലാവിലേക്ക് ജില്ല കലക്ടർ സെപ്റ്റംബർ അഞ്ചിന് താമസം മാറ്റും. നിലവിലെ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഇനി കുടുംബസമേതം കുലശേഖരപതിയിലെ സർക്കാർ കെട്ടിടത്തിലേക്ക് താമസം മാറ്റും. ഇവിടെ ഒരുമുറി കലക്ടറുടെ ഓഫീസായി പ്രവർത്തിക്കും. രണ്ടുവർഷം മുമ്പ് കെട്ടിടം നിർമാണം പൂർത്തിയാക്കി പെയിന്റ് ചെയ്തിട്ട ബംഗ്ലാവ് കാടുപിടിച്ചു കിടക്കുകയായിരുന്നു. കിണർ നിർമ്മാണവും ജലവിതരണ പൈപ്പുലൈൻ നിർമ്മാണവും മാത്രമായിരുന്നു ബാക്കിയായത്. ഇതിനിടെ, ഇപ്പോഴത്തെ കലക്ടർ ചുമതലയേറ്റശേഷം കിണർ കുഴിക്കുകയും പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തു.
ഫർണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും വാങ്ങി. കാടുപിടിച്ച പരിസരം വൃത്തിയാക്കി. ഉദ്ഘാടനത്തിന് മന്ത്രിമാരുടെ തീയതിക്ക് കാത്തിരിക്കുകയായിരുന്നുവെന്ന് കലക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. വയനാട് ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ തീയതി ലഭിച്ചിരുന്നില്ല. സെപ്റ്റംബർ ആദ്യ ആഴ്ച കലക്ടർ ബംഗ്ലാവ് ഉദ്ഘാടനം ചെയ്യാമെന്ന് മന്ത്രിമാർ അറിയിച്ചതിനെ തുടർന്നാണ് അഞ്ചാം തീയതി നടത്താൻ തീരുമാനിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, വീണാ ജോർജ് എന്നിവർ പങ്കെടുക്കും.
സ്വന്തം കെട്ടിടമുണ്ടായിട്ടും ജില്ല കലക്ടർ വർഷങ്ങളായി വാടക വസതികളിൽ താമസിക്കുകയായിരുന്നു. നന്നുവക്കാട് വാടക വീടിന് 18,344രൂപയാണ് പൊതുമരാമത്ത് നിശ്ചയിച്ച വാടക. പ്രതിവർഷം 2,20,128രൂപയാണ് ചെലവാകുന്നത്. സ്വന്തം കെട്ടിട നിർമാണം പൂർത്തിയായിട്ടും നല്ലൊരു തുക മാസവാടക നൽകി കലക്ടർ താമസിക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഇതുസംബന്ധിച്ച് ‘മാധ്യമം’ വിശദമായി വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.