പത്തനംതിട്ട: ജില്ലയുടെ കലക്ടറുടെ വാസം ഇന്നും വാടക വീട്ടിൽ തന്നെ. ജില്ല രൂപവൽക്കരിച്ചിട്ട് 43 വർഷം കഴിഞ്ഞു. പിന്നീട് വളരെ പ്രശസ്തരായവർ അടക്കം ഇതിനകം കലക്ടർമാർ മാറിമാറി വന്നു. എന്നാൽ, സ്വന്തം വീട്ടിൽ താമസിക്കാൻ യോഗമില്ലാതെ എല്ലാവരും മടങ്ങി. പത്തനംതിട്ടയുടെ 38ാമത്തെ കലക്ടറാണ് ഇപ്പോഴുള്ളത്.
വർഷങ്ങൾക്കു മുമ്പ് കലക്ടർക്കായി ഒരു കെട്ടിടം പണിതെങ്കിലും അത് താമസയോഗ്യമല്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു. കലക്ടറുടെ ഔദ്യോഗിക വസതിക്കായി പുതിയ ഒരു കെട്ടിടം കുലശേഖരപതിയിൽ പൂർത്തിയായിട്ട് രണ്ട് വർഷമായി. 1.76 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. എ.ആർ. ഗിരിജ ജില്ല കലക്ടറായിരുന്ന കാലയളവിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
കുലശേഖരപതിയിൽ നേരത്തെ മിൽമ ചില്ലിംഗ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലമാണ് കലക്ടറുടെ ഔദ്യോഗിക വസതിയുടെ നിർമാണത്തിനായി ഏറ്റെടുത്തത്. പ്ലാന്റ് മിൽമയുടെ സ്വന്തം ഡെയറി സ്ഥിതി ചെയ്യുന്ന തട്ടതോലൂഴത്തേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കലക്ടർക്ക് ഔദ്യോഗിക വസതി നിർമിക്കാൻ ഈ സ്ഥലം അനുയോജ്യമെന്ന് റവന്യു വകുപ്പ് കണ്ടെത്തിയത്. അന്നത്തെ കലക്ടറും ഇതിന് അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലായി.
കെട്ടിടം പണി പൂർത്തിയായ രണ്ടുവർഷത്തിനുള്ളിൽ കലക്ടർമാർ മൂന്നുപേർ മാറിവന്നു. ഓരോരുത്തരും അടുത്തയാൾക്ക് ചുമതല കൈമാറി വാടകവീട്ടിൽ നിന്നു തന്നെ പടിയിറങ്ങുകയാണ്. രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന സൗകര്യത്തോടെയാണ് പുതിയ ബംഗ്ലാവ് പണി പൂർത്തീകരിച്ചിരിക്കുന്നത്.
രണ്ട് വീടുകളും പ്രത്യേകമായി വേർതിരിച്ചിട്ടുണ്ട്. പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ചുറ്റുമതിൽ കെട്ടി ഗേറ്റും സ്ഥാപിച്ചു. മുറ്റത്തെ ഇന്റർലോക്ക് ജോലികളും കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം താമസം തുടങ്ങാൻ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിൽ നിന്നും കുമ്പഴയിലേക്കുള്ള ടി.കെ റോഡിൽ വേബ്രിഡ്ജ് ജംഗ്ഷനിൽ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ പുതിയ കെട്ടിടത്തിലെത്താം. ഇവിടേക്ക് വീതി കുറഞ്ഞ റോഡാണ് എന്നതാണ് ഇപ്പോഴത്തെ ഒരു പ്രശ്നം. എതിർദിശയിൽ മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ അല്പം ബുദ്ധിമുട്ടും. റോഡ് തകർന്നുകിടക്കുകയുമാണ്. കലക്ടറെത്തിയിട്ടുവേണം റോഡ് നന്നാക്കാനെന്നുപറഞ്ഞ് കാത്തിരിക്കുകയാണ് നാട്ടുകാർ.
പത്തനംതിട്ടയുടെ കലക്ടർക്ക് സ്വന്തമായ വാസഗൃഹം പണ്ടേ ഉണ്ടായതാണ്. ടി.കെ റോഡിൽ നന്നുവക്കാടിനുസമീപം അൽപം ഉള്ളിലേക്കു കയറിയാണ് കെട്ടിടം പണിതത്. എല്ലാവിധ സൗകര്യങ്ങളോടെയും കെട്ടിടം പണിത് പത്തുവർഷമായെങ്കിലും കലക്ടർമാർ ആരും ഇവിടേക്ക് താമസം മാറ്റാൻ തയാറായില്ല.
കെട്ടിടത്തിന് വാസ്തുദോഷമുണ്ടെന്നുപറഞ്ഞാണ് താമസം തുടങ്ങാതിരുന്നതെന്ന് പറയുന്നു. പത്തുവർഷത്തിനുശേഷം ഈ കെട്ടിടം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനു കൈമാറി. ഇന്നിപ്പോൾ ഉപഭോക്തൃ കോടതി ഇവിടെയാണ് പ്രവർത്തിക്കുന്നത്. കലക്ടറാകട്ടെ തൊട്ടപ്പുറത്തെ വാടക വീട്ടിലും.
വാടക വീടുകളും കലക്ടർമാർ പലതവണ മാറി. ആദ്യം താഴെവെട്ടിപ്പുറത്തിനു സമീപമായിരുന്നു കലക്ടറുടെ താമസം. പിന്നീടാണ് ടൗൺ ഭാഗത്തേക്കുമാറിയത്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനോടു ചേർന്നുള്ള വാടക വീട് 2015 മുതൽ എടുത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.