കല്ലടയാറിനുകുറുകെ ചെട്ടിയാരഴികത്ത് പാലം പണി പുരോഗമിക്കുന്നു

പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്​ പാലം അടൂർ: എം.സി റോഡിലെ ഏനാത്ത് പാലത്തിനുസമാന്തരമായി കല്ലടയാറിനുകുറുകെ ചെട്ടിയാരഴികത്ത് പാലം പണി പുരോഗമിക്കുന്നു. പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കൊല്ലം ജില്ലയിലെ താഴത്തു കുളക്കട ഭാഗത്ത് പാലം എത്താൻ ഇനി മീറ്ററുകളുടെ മാത്രം പണി ബാക്കി. ആറ്റിലെ അവസാന ബീമിന്‍റെ പണി പൂർത്തിയാക്കി. പാലത്തിന് വെള്ളത്തിൽ മൂന്നുതൂണും ഇരുകരയിലുമായി രണ്ടു തൂണുമാണുള്ളത്. ഇതിൽ മണ്ണടി ഭാഗത്തെ തൂണുകളെല്ലാം നിർമിച്ച് ബീമുകളും വാർത്തു കഴിഞ്ഞിരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ താഴത്തുകുളക്കട-മണ്ണടി പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പാലമാണിത്. വർഷങ്ങളായി ഇവിടെ കടത്തു വഴിയാണ് അക്കരെയിക്കരെ ആളുകൾ പോയിരുന്നത്. മണ്ണടി, കടമ്പനാട് ചന്തകളിൽ കുളക്കട ഭാഗത്തെ നിരവധി കർഷകർ കടത്തു വഴി കച്ചവടത്തിനും സാധനം വാങ്ങാനും എത്തിയിരുന്നു. പക്ഷേ പിന്നീട് കടത്ത് കയറി വരാൻ ആളുകൾ മടിച്ചതോടെ ചന്തകളിലേക്ക്​ വരവും നിലച്ചു. പാലം പണി പൂർത്തിയാകുന്നതോടെ രണ്ടുഗ്രാമം തമ്മിൽ കൂടുതൽ ബന്ധപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാവുക. കൊട്ടാരക്കര മുൻ എം.എൽ.എ ഐഷ പോറ്റിയുടെ ശ്രമഫലമായാണ് പാലം സർക്കാർ അനുവദിച്ചത്. 130.70 മീറ്റർ നീളവും 7.5 മീറ്റർ കാരേജ് വേയും ഇരുവശത്തുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും ഉള്ള പാലമാണ് വരുന്നത്. 32 മീറ്റർ നീളത്തിൽ രണ്ട് സ്പാനും 29.75 മീറ്റർ നീളത്തിൽ രണ്ട് സ്പാനും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും ഇരുവശത്തും ഓടകൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലെ റോഡുകളും വരും. 10.32 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. അപ്രോച്ച് റോഡിന്‍റെ പ്രാരംഭപണി മണ്ണടി ഭാഗത്ത് നടന്നിരുന്നു. മുമ്പ് രണ്ടുതവണ ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ താൽക്കാലിക ബെയ്​ലി പാലവും നിർമിച്ചിരുന്നു. വലിയ വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ഇരുവശത്തേക്കും സഞ്ചരിച്ചിരുന്നത്. ഏനാത്ത് പാലത്തിൽ ഗതാഗതം സ്തംഭിച്ചാൽ വാഹനങ്ങൾക്ക് ചെട്ടിയാരഴികത്ത് പാലം വഴി കടന്നുപോകാനാകും. PTL ADR Bridge പണി പുരോഗമിക്കുന്ന ചെട്ടിയാരഴികത്ത് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.