പത്തനംതിട്ട: സമയബന്ധിതമായി വിനിയോഗിക്കാത്തതിനാൽ ജില്ല പഞ്ചായത്തിൽ 29 കോടിയിൽ അധികം രൂപ ഗ്രാന്റ് ഇനത്തിൽ നഷ്ടമായി. വികസന ഫണ്ട്, മെയിന്റനൻസ് ഗ്രാൻഡ് തുടങ്ങിയവ നഷ്ടപ്പെട്ടെന്ന് 2022-23 ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മെയിന്റനൻസ് ഗ്രാൻഡ് (റോഡ്) - 21,73,46,125 രൂപ, വികസന ഫണ്ട് (എസ്.സി.പി) -3,65,70,431, വികസന ഫണ്ട് (ജനറൽ) -33,12,899 രൂപ, വികസന ഫണ്ട് (ടി.എസ്.പി) - 6,22,667, മെയിന്റനൻസ് ഗ്രാൻഡ് (റോഡ് ഇതരം) -4,25,717 രൂപ തുടങ്ങിയ ഗ്രാന്റുകളാണ് നഷ്ടമായത്.
ആകെ 29,19,23,939 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. 176 പേജുള്ള ഓഡിറ്റ് റിപ്പോർട്ടിൽ 73ഓളം അപാകത ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ജില്ല പഞ്ചായത്തിന്റെ ആഭ്യന്തര നിയന്ത്രണ സംവിധാനം തൃപ്തികരമാണെന്നും സാമ്പത്തിക പത്രികകൾ കൃത്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സുതാര്യമായ അക്കൗണ്ടിങ് സംവിധാനം പാലിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായി തുടങ്ങിയ 125 മരാമത്ത് പ്രവൃത്തിയാണ് മുടങ്ങിയത്. 17.40 കോടിയാണ് വകയിരുത്തിയത്. സർക്കാർ നിബന്ധന പാലിക്കാതെ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ നൽകിയ ഇനത്തിൽ 25 ലക്ഷം രൂപ അടങ്കലുള്ള പദ്ധതി മുടങ്ങിക്കിടക്കുകയാണ്.
സംസ്ഥാനത്ത് ആദ്യമായി ‘നിർമലഗ്രാമം നിർമല ജില്ല’ പേരിൽ പുതിയ പദ്ധതിക്ക് ജില്ല പഞ്ചായത്ത് തുടക്കം കുറച്ചിരുന്നു. സമ്പൂർണ ശുചിത്വ പദ്ധതിക്കായി ജില്ല പഞ്ചായത്തിന് ലഭിച്ച നിർമൽ പുരസ്കാര ഫണ്ട് ഉൾപ്പെടെ 40 ലക്ഷം രൂപ നിഷ്ക്രിയ ആസ്തിയായി തുടരുകയാണ്.
സ്കൂളുകൾക്ക് നാപ്കിൻ വൈൻഡിങ് മെഷീൻ, ഡിസ്ട്രോയർ, ലാപ്ടോപ് പ്രിന്റർ എന്നിവ വാങ്ങുന്നതിനും ജലപരിശോധന ലാബ് തുടങ്ങുന്നതിനും ഉൾപ്പെടെ ഒമ്പത് പദ്ധതിക്ക് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്നും കണ്ടെത്തി.
ഈ ഇനത്തിൽ നഷ്ടമായത് 2.96 കോടിയാണ്. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹണ ഉദ്യോഗസ്ഥനായി ആവിഷ്കരിച്ച 31 പദ്ധതികളിൽപെട്ടവയിലാണ് ഫണ്ട് നഷ്ടമായത്. പദ്ധതികൾക്ക് അനുമതി ലഭിച്ച് പണം വകയിരുത്തിയിട്ടും ചെലവഴിക്കാതെ ഫണ്ട് ലാപ്സാക്കിയതിന് നിർവഹണ ഉദ്യോഗസ്ഥനോട് ഓഡിറ്റ് എൻക്വയറി വിഭാഗം വിശദീകരണം തേടിയെങ്കിലും മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം സെക്കൻഡറി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ലൈബ്രറി, ടോയ്ലറ്റ് തുടങ്ങി സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ലഭിച്ച ഫണ്ടുകൾ 2018 മുതൽ ചെലവഴിച്ചിട്ടില്ല. ഈ ഇനത്തിൽ 1.66 കോടി ബാങ്കുകളിൽ അവശേഷിക്കുന്നുണ്ട്. സർവശിക്ഷ അഭിയാൻ കേന്ദ്ര ആവിഷ്കൃത ഫണ്ടിൽനിന്ന് ലഭിച്ച 61 ലക്ഷം രൂപ ചെലവഴിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.