പത്തനംതിട്ട: കുടിവെള്ള വിതരണത്തിനും ആരോഗ്യമേഖലക്കും മുൻതൂക്കം നൽകി പത്തനംതിട്ട നഗരസഭയുടെ ബജറ്റ്. 74.11 കോടി രൂപ വരവും 64.25 കോടി ചെലവും 9.85 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി അവതരിപ്പിച്ചത്. കായികമേഖലക്കും 2022-23 ലേക്കുള്ള ബജറ്റിൽ കാര്യമായ പരിഗണന നൽകിയിട്ടുണ്ട്.
നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈന്റെ ആമുഖ പ്രസംഗത്തോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. കെ.കെ. നായർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണത്തിന് 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഹാജി സി. മീരാസാഹിബ് സ്മാരക നഗരസഭ ബസ് സ്റ്റാൻഡിന്റെ പുനരുദ്ധാരണത്തിന് അഞ്ച് കോടിയും വകയിരുത്തിയിട്ടുണ്ട്.
വിവിധ കുടിവെള്ള പദ്ധതികൾക്ക് 25 കോടി രൂപ, ആരോഗ്യ മേഖലക്ക് 5.35 കോടി, പാർപ്പിട മേഖലക്ക് ഏഴ് കോടി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി 8.38 കോടി. പൊതുമരാമത്ത് റോഡ്, ഓട നവീകരണം 4.75 കോടി, ശബരിമല ഇടത്താവള നവീകരണം ഒരുകോടിയും വകയിരുത്തി. ഉൽപാദന മേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
നഗരസഭയുടെ ഉടമസ്ഥതയിലെ കെട്ടിടങ്ങൾക്ക് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കും. ഈ സാമ്പത്തികവർഷം അതിദരിദ്രർ ഇല്ലാത്ത നഗരമായി പത്തനംതിട്ടയെ മാറ്റും. ഭിന്നശേഷി സൗഹൃദനഗരം ആക്കുന്നതിന് നഗരസഭയുടെ എല്ലാ സ്ഥാപനങ്ങളിലും റാമ്പും ഭിന്നശേഷി സൗഹൃദസംവിധാനങ്ങളും ഒരുക്കും.
നഗരസഭ ലൈബ്രറിയെ രാജ്യാന്തര നിലവാരമുള്ള ഇ-ലൈബ്രറിയായി ഉയർത്തും. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും. മാലിന്യശേഖരണ വാഹനങ്ങളിൽ ജി.പി.എസ് സ്ഥാപിക്കും. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സി.സി ടി.വി സ്ഥാപിക്കും എന്നിങ്ങനെ നിരവധി പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.