പത്തനംതിട്ട: ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. മകരവിളക്കിന് ശബരിമലയില്‍ ക്യാമ്പ് ചെയ്ത മന്ത്രി അതിന് പിന്നാലെയാണ് അയ്യപ്പന്‍റെ പൂങ്കാവനത്തിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തിയത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂഴിയാര്‍ പവര്‍ഹൗസിനോട് ചേര്‍ന്ന കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകള്‍ സായിപ്പിന്‍ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂഴിയാറില്‍ ഒഴിഞ്ഞുകിടക്കുന്ന അനവധി കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകള്‍ ഉണ്ട്. അവയില്‍ നൊമാഡിക് വിഭാഗത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കും.
ജനങ്ങളുടെയും സ്ഥലത്തിന്‍റെയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ട്രൈബല്‍ വകുപ്പ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വനം വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. പ്രത്യേക റിക്രൂട്ട്‌മെന്‍റിലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഫോറസ്റ്റ് ഫീല്‍ഡ് ഓഫിസര്‍ തസ്തികയിലേക്ക് 500 ആദിവാസി വിഭാഗത്തില്‍പെട്ടവരെയും എക്‌സൈസ് വകുപ്പിലേക്ക് 200 പേരെയുമാണ് ഉടന്‍ പ്രത്യേക റിക്രൂട്ട്‌മെന്‍റിലൂടെ നിയമിക്കുക. ആനയിറങ്ങുന്നത് തടയാൻ ഫെന്‍സിങ് നിര്‍മിക്കും. വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ വൈദ്യുതിയും ലഭ്യമാക്കും. ആദിവാസി ഊരുകളില്‍ ഫോറസ്റ്റ്, പൊലീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ ഗുണപരമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ആദിവാസി ഊരുകളിലെ വീടുകളിലെത്തി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവര്‍ക്കൊപ്പം ആഹാരവും കഴിച്ചശേഷമാണ് മടങ്ങിയത്. ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സുജ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ടി.ഈശോ, ജില്ല ട്രൈബല്‍ ഓഫിസര്‍ സുധീര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.