പത്തനംതിട്ട: അബാൻ മേൽപാലത്തിന് അനുബന്ധമായി സർവിസ് റോഡ് നിർമിക്കാനുള്ള പ്രാരംഭ ചർച്ചകൾ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. റിങ് റോഡിന്റെ ഇരുവശത്തായി സർവിസ് റോഡിന് 12 വസ്തു ഉടമകളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. സർവിസ് റോഡിന് ഏറ്റവുമധികം സ്ഥലം വിട്ടുനൽകേണ്ടത് നഗരസഭയാണ്. നഷ്ടപരിഹാരത്തുക ലഭ്യമാകാത്തതിനാൽ വസ്തുവിന്റെ കൈവശം മുൻകൂറായി വിട്ടുനൽകാൻ സ്ഥലമുടമകൾ ഇതുവരെയും തയാറായിട്ടില്ല. മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചതിനെ തുടർന്ന് ഒരു വർഷത്തിലേറെയായി അബാൻ ജങ്ഷൻ മുതൽ എസ്.പി ഓഫിസ് ജങ്ഷൻ വരെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണം ഉണ്ടായതോടെ എത്രയുംവേഗം പരിഹാരം കാണണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു വരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള വസ്തു സർവിസ് റോഡ് നിർമാണത്തിന് വിട്ടുനൽകാൻ നഗരസഭ ആലോചിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. മറ്റ് വസ്തു ഉടമകളുടെ യോഗം വിളിച്ചുചേർക്കാനും നിയമപരമായ ഏറ്റെടുക്കൽ നടപടിക്ക് കാലതാമസം ഒഴിവാക്കാൻ വസ്തുക്കളുടെ അഡ്വാൻസ് പൊസഷൻ നൽകാൻ അവരോട് അഭ്യർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വേഗം പൂർത്തീകരിക്കാൻ മാതൃക എന്ന നിലയിലാണ് നഗരസഭ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനു മുമ്പുതന്നെ വസ്തു വിട്ടുനൽകാൻ ആലോചിക്കുന്നത്. നഗരസഭയുടെ വസ്തു വിട്ടുനൽകുന്നതോടെ അബാൻ ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ സർവിസ് റോഡ് നിർമാണം തുടങ്ങാനാകും. പാലത്തിന്റെ ഇരുവശത്തും അഞ്ചര മീറ്റർ വീതം വീതിയുള്ള സർവിസ് റോഡാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.