പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ജില്ല സെക്രട്ടറി എ.പി. ജയനെതിരായ സി.പി.ഐ നടപടി പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ജയനെ നീക്കിയതിലൂടെ പാർട്ടി അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നതാണ് വ്യക്തമാക്കിയത്. അദ്ദേഹം താമസിക്കുന്ന അടൂർ 14ാം മൈൽ ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. പാർട്ടിയിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കിയ സംഭവം ജില്ലയിൽ ആദ്യമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് ജയനെതിരായ നടപടി വന്നിരിക്കുന്നത്. മുതിർന്ന നേതാവും മുൻ മന്ത്രിയും കൊല്ലം ജില്ലക്കാരനുമായ മുല്ലക്കര രത്നാകരന് ജില്ല സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി. പാര്‍ട്ടി ജില്ല സമിതി അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് എ.പി. ജയനെതിരെ 2022 ജൂലൈയിലാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
അടൂരില്‍ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്നതായിരുന്നു ആരോപണം. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിൽ എ.പി. ജയനെതിരെ അന്വേഷണത്തിന് പാര്‍ട്ടി കമീഷനെ നിയോഗിച്ചിരുന്നു. കെ.കെ. അഷ്റഫ്, ആർ. രാജേന്ദ്രൻ, സി.കെ. ശശീധരൻ, പി. വസന്തം എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്താൻ പാര്‍ട്ടി തീരുമാനിച്ചത്. പാര്‍ട്ടി തേടിയ വിശദീകരണത്തിന് ജയൻ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കമീഷൻ തീരുമാനത്തിലെത്തി എക്സിക്യൂട്ടിൽ റിപ്പോർട്ട് വെക്കുകയായരുന്നു.
പാർട്ടി കമീഷനെ നിയോഗിച്ചതിൽ എ.പി. ജയന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതിനിടെ കമീഷൻ അംഗം കെ.കെ. അഷ്റഫിന്റെ തെളിവെടുപ്പ് ഫോണിൽ റെക്കോഡ്ചെയ്ത്പുറത്തുവിട്ടതായും ആരോപണം ഉയർന്നു.
കാനം രാജേന്ദ്രനൊപ്പം നിൽക്കുന്നവരെ തന്നെ അന്വേഷണ കമീഷൻ അംഗങ്ങളായി നിയോഗിച്ചതും എ.പി. ജയൻ പക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി. തനിക്കെതിരായ നീങ്ങിയ ജില്ലയിലെ യുവനിരയെ വെട്ടിയൊതുക്കാനും ജയൻ ഇതിനിടെ ശ്രമിച്ചിരുന്നു.
അവധി എടുത്തതിന്റെ പേരിൽ കഴിഞ്ഞദിവസം ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ പത്തനംതിട്ട മണ്ഡലം സെക്രട്ടറി പത്തനംതിട്ട മണ്ഡലം സെക്രട്ടറി എസ്. അബ്ദുൽ ഷുക്കൂറിനെ തിരിച്ചെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചതായാണ് അറിവ്.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ ജില്ല കമ്മിറ്റി അംഗങ്ങളായ അരുൺ കെ.എസ് മണ്ണടി, എ.ഐ.വൈ. എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയായ ആർ. ജയൻ എന്നിവർക്കെതിരെ അന്വേഷണം നടത്താനും ജയൻ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ല എക്സിക്യൂട്ടിവിൽ തീരുമാനിച്ചിരുന്നു. എപി. ജയനെതിരെ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മയോട് ഒപ്പമുള്ളവരെയാണ് തിരഞ്ഞുപിടിച്ച് വെട്ടിയൊതുക്കിയത്. പ്രതികാര രാഷ്രടീയത്തിനെതിരെ ജില്ലയിലെ യുവനിര പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.