അടൂര്‍: രോഗികളുടെ തിരക്കിന് അനുസൃതമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജനറല്‍ ആശുപത്രിയായ ഇവിടെ സ്പെഷാലിറ്റി ആശുപത്രി വിഭാഗത്തിനുള്ള ജീവനക്കാരുടെ തസ്തികയാണുള്ളത്. ജില്ലയിലെ ഏറ്റവും തിരക്കുള്ള ആശുപത്രിയാണ്. 200 രോഗികളെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രി കൂടിയാണ്. ഒരു മാസം 100 പ്രസവത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ദിനംപ്രതി 2000 ഒ.പിയാണ് ഇവിടെയുള്ളത്. മഴക്കാലമാകുന്നതോടെ പനി ഉൾപ്പെടെയുള്ള രോഗങ്ങള്‍ വരുമ്പോള്‍ ഒ.പി ഇതിലും കൂടാനാണ് സാധ്യത. അടൂരില്‍ നിന്നുള്ളവരും ആലപ്പുഴ ജില്ലയുടെ ഭാഗമായ ആദിക്കാട്ടുകുളങ്ങര, പയ്യനല്ലൂര്‍, കൊല്ലം ജില്ലയുടെ ഭാഗമായ ആനയടി, ഏഴാംമൈല്‍, കുളക്കട ഭാഗത്ത് നിന്നുള്ളവര്‍ ഈ ആശുപത്രിയിലാണ് എത്തുന്നത്.
രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളക്കടപ്പാലം യാഥാർഥ്യമായതോടെ ഇതുവഴി കെ. എസ്.ആര്.ടി.സി സര്‍വിസും ആരംഭിച്ചു. അതിനാല്‍ താഴത്ത് കുളക്കട ഭാഗ ത്തുള്ളവര്‍ കൂടുതലായും ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്. അടൂര്‍ പൊലീസ് ക്വാമ്പില്നിന്നുള്ള ട്രെയിനികളും ഇവിടെയാണ് പരിശോധനക്ക് എത്തുന്നത്. ഇവിടെ 26 ഡോക്ടര്‍മാരും 35 സ്റ്റാഫ് നഴ്സും 15 ഹെഡ് നഴ്സുമാണിവിടെയുള്ളത്. 21 നഴ്സിങ് അസിസ്റ്റന്റുമാരുണ്ട്. തിരക്കുമൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരം ഏറുകയാണ്.
വേനലായതോടെ ആശുപത്രിക്ക് ആവശ്യമായ വെള്ളത്തിന് ക്ഷാമമാണ്. ഇവിടെ രണ്ട് കിണറാണുള്ളത്. ഒരുദിവസം ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യമുള്ളത്. രണ്ട് ദിവസം കൂടുമ്പോള്‍ ആശുപത്രിയിലെ കിണറ്റില്‍നിന്ന് 25,000 ലിറ്റര്‍ വെള്ളമാണ് കിട്ടുന്നത്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കും. വേനലായതോടെ നഗരസഭ ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ആശുപത്രിയുടെ ആവശ്യത്തിന് തികയുന്നില്ല. അതിനാല്‍ വെള്ളത്തിന് കൂടുതല്‍ ക്രമീകരണം ആശുപത്രിയില്‍ തന്നെ ഒരുക്കേണ്ടി വരും. ഡയാലിസിസ് യൂനിറ്റിനാണ് ഏറ്റവും കൂടുതല്‍ വെള്ളം അവശ്യമായി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.