അടൂർ: വടിവാൾ വീശി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അടൂർ പറക്കോട് സ്വദേശികളായ ഇജാസ് മൻസിലിൽ ഇജാസ് (25), സുബൈർ മൻസിലിൽ അഫ്സൽ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി ഷംനാദ് ഒളിവിലാണ്.
ഇജാസും ഷംനാദും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഇജാസ് കാപ്പ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണെന്ന് അടൂർ പൊലീസ് പറഞ്ഞു. മാർച്ച് അഞ്ചിന് അടൂർ കിളിക്കോട് മല മുരുപ്പ് ഭാഗത്ത് െവച്ചാണ് സംഭവം. വസ്തു ഉടമ മാത്യു രാജനാണ് പരാതിക്കാരൻ.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: മാത്യു രാജന് വ്യവസായം തുടങ്ങുന്നതിനായി സ്വന്തം സ്ഥലത്ത് നിർമാണ പ്രവൃത്തി നടത്തുന്നതിനിടെ കാറിൽ വടിവാളുമായെത്തിയ ഷംനാദും, ഇജാസും പണം ചോദിക്കുകയായിരുന്നു. പണം നൽകാത്ത പക്ഷം ജോലി അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരെ ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരനെയും ഭീഷണിപ്പെടുത്തി. തിരികെ പോയ ഷംനാദും ഇജാസും, അഫ്സൽ എന്ന ആളേയും കൂട്ടി വീണ്ടുമെത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഒളിവിൽ പോയ ഷംനാദിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി അടൂർ എസ്.എച്ച്.ഒ ആർ. രാജീവ് പറഞ്ഞു. എസ്.ഐമാരായ പ്രശാന്ത്, ശരത്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, ശ്യാം കുമാർ, നിസാർ മൊയ്തീൻ, രതീഷ് കുമാർ, സനൽ കുമാർ എന്നിവരുമടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.