അടൂർ: പരുന്തിന്റെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പള്ളിക്കൽ പഞ്ചായത്തിലെ ചാല ഗ്രാമം. പരുന്തിനെ ഭയന്ന് പലരും പകൽ മുറ്റത്തിറങ്ങാൻ പേടിക്കുന്നു. പലപ്പോഴും ഹെൽമറ്റും ഓവർകോട്ടും ഇട്ടാണ് വീടിനുപുറത്തേക്കുള്ള ഇറക്കം. സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതലും ആക്രമിക്കുന്നത്. പിന്നിലൂടെ വന്ന് കൊത്തിയിട്ട് പറന്നുപോകുന്നതിനാൽ പ്രതിരോധിക്കാനും കഴിയുന്നില്ല.
വലിപ്പമുള്ള പരുന്തുകളാണ് ഇവിടെ ഉള്ളതെന്ന് ആക്രമണത്തിന് ഇരയായ ചാല ശ്രീമംഗലം രാജമ്മ (75) പറഞ്ഞു. ഇവരുടെ മകൻ അനിൽകുമാർ, മകൻ ആദർശ് (14), ഭാര്യ മാതാവ് ജലജ (55) എന്നിവർക്ക് പരിക്കേറ്റിരുന്നു. ആദർശ് സമീപത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളിക്കാൻ പോകുമ്പോൾ പിന്തുടർന്നുവെന്ന് ആക്രമിക്കാറുണ്ട്. മുഖത്ത് കൊത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചിറകിട്ടടിച്ചതുമൂലം രാജമ്മയുടെ കൈക്കും മൂക്കിനും മുറിവുണ്ടായി. പുലർച്ച വന്നിരിക്കുന്ന പരുന്ത് വൈകീട്ട് ആറുവരെ വീടിന്റെ മുന്നിൽത്തന്നെ ഉണ്ടാകും.
സ്കൂളിൽ പോകാൻ വീടിന് പുറത്തിറങ്ങാൻപോലും കുട്ടികൾക്ക് ഭയമാണ്. ചാല മണിമന്ദിരം അർജുന് (15) നേരെയും ആക്രമണമുണ്ടായി. മേലൂട് ശുഭയെയും കൊത്താൻ ശ്രമിച്ചിട്ടുണ്ട്. പരുന്തിൽനിന്ന് രക്ഷപ്പെടുവാൻ ഇവർ പടക്കംവാങ്ങി പൊട്ടിക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർ വനംവകുപ്പിനെ സമീപിച്ചിരുന്നു. പരുന്തിനെ പിടികൂടിയശേഷം അറിയിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരോട് പറഞ്ഞത്.
ഈ പ്രദേശത്തുനിന്ന് രണ്ട് പരുന്തുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപിച്ചിരുന്നു. മുറ്റത്ത് മീൻ കഴുകി വൃത്തിയാക്കുമ്പോഴും തുണി അലക്കുമ്പോഴും ഇവ പറന്നെത്താറുണ്ട്. ജനൽ തുറന്നിടുമ്പോൾ മുറിക്കുള്ളിൽ കയറുകയും അടഞ്ഞുകിടക്കുമ്പോൾ ജനൽപ്പാളിക്കരികിലെത്തി ചിറകിട്ടടിച്ച് ശബ്ദം ഉണ്ടാക്കാറുമുണ്ടെന്ന് നാട്ടുകാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സമീപത്തെ മരങ്ങളിൽ പരുന്തിന്റെ കൂടുണ്ട്. അഞ്ചിലധികം പരുന്തുകളാണ് ഒരേസമയം വീട്ടുമുറ്റത്ത് എത്തുന്നത്. പരുന്തിന്റെ കൊത്തേറ്റവർ പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തു. പരുന്തുകളെ പിടികൂടാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.