അടൂർ: ഓരോ വ്യക്തിയും ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സാമൂഹിക ശീലമാക്കി മാറ്റണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ‘നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല’ ശുചിത്വ കാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും അടൂർ നഗരസഭയുടെയും സമ്പൂർണ ശുചിത്വ പരിപാടിയുടെ ആദ്യഘട്ട പ്രഖ്യാപനം കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനഫലമായാണ് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മുമ്പന്തിയിലെത്തിയത്. സംസ്ഥാനത്ത് മാലിന്യ മുക്തമാകുന്ന ആദ്യ ജില്ല പത്തനംതിട്ടയാക്കാൻ കൂട്ടായും തുടർച്ചയായതുമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
നാട് മാലിന്യമാകുന്ന അവസ്ഥ മാറാൻ പ്രവർത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് ഹരിതകർമ സേന അംഗം അനിത ആദ്യഘട്ട പ്രഖ്യാപനത്തിന് തിരിതെളിച്ചു.
മുൻ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. വി.കെ. പ്രശാന്ത് എം.എൽ.എ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യഘട്ട പ്രഖ്യാപനത്തിന്റെ മുന്നോടിയായി പൊതുഇടങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇല്ലാതിരിക്കൽ, എല്ലാ വാർഡിലും കുറഞ്ഞത് രണ്ട് ഹരിതകർമ സേനയുണ്ടെന്ന് ഉറപ്പാക്കൽ, 100 ശതമാനം വീടുകളിലും ഹരിതകർമ സേനയുടെ സേവനം ഉറപ്പാക്കൽ, എല്ലാ വാർഡിലും മിനി എം.സി.എഫ്, എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ, ഒരു റോഡെങ്കിലും ചെടികൾ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കൽ എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.