അടൂർ: കഠിനാധ്വാനം സ്വപ്നങ്ങളെയെല്ലാം പൂവണിയിക്കുമെന്ന സത്യത്തെ നെഞ്ചോടുചേർത്ത് പഠിച്ച ആർ. രതീഷിന് പ്ലസ് ടു പരീക്ഷയിൽ എ പ്ലസ്. ജീവിതത്തിലെ പരീക്ഷണങ്ങളെയെല്ലാം പഠനത്തിന് ഊർജമാക്കിയാണ് ഈ അഭിമാനനേട്ടം. അടൂർ പറന്തൽ ആശ്രയ ശിശുഭവനിൽ താമസിക്കുന്ന രതീഷ് അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായിരുന്നു. ബിരുദവും തുടർന്ന് സിവിൽ സർവിസും നേടിയെടുക്കാനുള്ള സ്വപ്നത്തിലേക്കാണ് യാത്ര.
15 വർഷം മുമ്പാണ് രതീഷും രണ്ട് ജ്യേഷ്ഠന്മാരും അമ്മയും ആശ്രയയുടെ തണലിലെത്തിയത്. തലചായ്ക്കാൻ സ്വന്തമായി ഒരിടമില്ലാതെ കൊല്ലം ഓലയിലെ തടി ഡിപ്പോയിലെ കോൺക്രീറ്റ് പൈപ്പിൽ കഴിഞ്ഞ രോഗങ്ങൾ കാർന്നുതിന്ന അമ്മയുടെയും മൂന്നു മക്കളുടെയും വാർത്ത 2006 ജൂണിൽ മാധ്യമങ്ങളിൽനിന്ന് അറിയാനിടയായ കൊട്ടാരക്കര ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസും സംഘവും ഇവരെ ഏറ്റെടുത്തു. അമ്മ സുശീലക്ക് ആവശ്യമായ ചികിത്സയും പരിചരണവും മക്കൾ മൂന്നു പേർക്കും വിദ്യാഭ്യാസവും നൽകി. അതോടെ അവർ ആശ്രയയുടെ സ്നേഹത്തണലിലിരുന്ന് ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കാൻ തുടങ്ങി. ജീവിതവിജയത്തിന് കുറുക്കുവഴികളില്ല എന്ന സത്യം മനസ്സിലാക്കിയ രതീഷ് സ്കൂൾ പഠനകാലം മുതൽക്കേ കഠിനാധ്വാനിയായിരുന്നു.
പന്നിവിഴ സെൻറ് തോമസ് വി.എച്ച്.എസ്.എസിൽനിന്ന് 10ാം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയാണ് ജയിച്ചത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിെൻറ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തിലും രതീഷ് നയിച്ച സംഘം ഒന്നാം സമ്മാനം നേടിയിരുന്നു.
തെൻറ ഓരോ വിജയങ്ങളും കാണാൻ അമ്മ സുശീല ഈ ഭൂമുഖത്തില്ല എന്ന സങ്കടമുണ്ട് ഇൗ കുഞ്ഞ് പ്രതിഭക്ക്. 2013ൽ അവർ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങിപ്പോയി. രതീഷിെൻറ രണ്ട് ജ്യേഷ്ഠന്മാരും പ്ലസ് ടുവും ഐ.ടി.ഐയും കഴിഞ്ഞ് ജോലി ചെയ്യുകയാണ്. തെൻറ ഈ മികച്ച വിജയം സമർപ്പിക്കുന്നത് തങ്ങളെ കൈവിടാതെ കാത്തുരക്ഷിച്ച കലയപുരം ജോസിനും മിനി ജോസിനും പരേതയായ അമ്മക്കും സഹോദരങ്ങൾക്കും അധ്യാപകർക്കും ഈ സമൂഹത്തിനുമാണെന്ന് രതീഷ് പറഞ്ഞു.
കലയപുരം ആശ്രയ ശിശുഭവനിലെ അന്തേവാസിയായ സൂര്യയും വി.എച്ച്.എസ്.ഇ പരീക്ഷ മികച്ചനിലയിൽ ജയിച്ചു. കോവിഡ് ബാധിച്ചിട്ടും തളരാതെ പരീക്ഷ എഴുതിയാണ് സൂര്യ താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിൽനിന്ന് പരീക്ഷ പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.