അടൂർ: സർക്കാർ നിരക്ക് കടലാസിൽ മാത്രം. ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരെ അമിത സർവിസ് ചാർജ് ഈടാക്കി ചൂഷണം ചെയ്യുന്നതായി പരാതി. സർക്കാർ ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾക്ക് അപ്പോൾ തോന്നിയതുപോലെയാണ് ഗുണഭോക്താക്കളിൽനിന്ന് പണം ഈടാക്കുന്നത്. വിവിധ കോഴ്സുകൾക്കും പരീക്ഷകൾക്കും അധ്യയനവർഷം തുടങ്ങുന്ന സമയത്താണ് അപേക്ഷ സമർപ്പിക്കാനെത്തുന്നവരെ ചൂഷണംചെയ്യുന്നത്. ഈ തിരക്കിനിടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യംചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളും ഇത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് അപേക്ഷ നൽകാൻ എത്തുന്ന സാധാരണക്കാരുടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു.
സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊതുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാക്കാനുള്ള കാരണം. മുമ്പും അധികചർജ് ഈടാക്കലുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തുടർന്ന് നാലുവർഷം മുമ്പ് സർക്കാർ വിവിധ സേനകൾക്ക് ഈടാക്കാവുന്ന തുക എത്രയെന്ന് പ്രസിദ്ധീകരിച്ചിരുന്നു.
അക്ഷയകേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ 5000 രൂപവരെ പിഴ ഈടാക്കും. സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കി എന്ന് ബോധ്യപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കും തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് 2019 ഒക്ടോബറിൽ പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനത്തിന് അക്ഷയകേന്ദ്രം വഴിയുള്ള സേവനങ്ങൾ സംബസിച്ച് പരാതി ഡയറക്ടർ അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്,തമ്പാനൂർ, തിരുവനന്തപുരം -695001 എന്ന മേൽവിലാസത്തിലോ അതത് ജില്ല ഭരണകൂടത്തിനോ പരാതി നൽകാം.
നിലവിൽ ജില്ലയിൽ അധിക ചാർജ് ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങൾക്കെതിരെ പരാതി ലഭിക്കാറുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാറുണ്ടെന്നും ജില്ല പ്രോജക്ട് മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.