അടൂർ: കായംകുളം-പത്തനാപുരം (കെ.പി) സംസ്ഥാനപാതയിൽ (എസ്.എച്ച്-അഞ്ച്) തകര്‍ന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണി മഴയത്ത് കരാറുകാരൻ അനധികൃതമായി ചെയ്തതിൽ പണികിട്ടിയത് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക്.
അടൂർ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്. റസീനയെ മലപ്പുറത്തേക്കും അസി. എൻജിനീയർ അഭിലാഷിനെ കണ്ണൂരിലേക്കും ഓവർസിയർ സുമയെ ഇടുക്കിയിലേക്കുമാണ് സ്ഥലംമാറ്റിയത്. മഴയത്ത് പണിയുന്ന വിഡിയോ സഹിതമുള്ള പരാതി ലഭിച്ച മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുകയായിരുന്നു.
പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ ജങ്ഷൻ റോഡിലെ പറക്കോട് ഹൈസ്കൂൾ ജങ്ഷനിൽ തകർന്ന പാത ഭാഗം കഴിഞ്ഞ ദിവസം കട്ടർ ഉപയോഗിച്ചു മുറിച്ചുമാറ്റിയതിനു ശേഷം ബെറ്റുമിൻ മെക്കാഡം നിറക്കുമ്പോൾ ശക്തമായ മഴ പെയ്തു. മെറ്റൽ കൂനകളുടെ ഇടക്ക് വെള്ളം കെട്ടിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന അസി. എൻജിനീയറും ഓവർസിയറും പണി നിർത്തിവെപ്പിച്ചു തിരികെ പോയി. എന്നാൽ, മഴ കുറഞ്ഞപ്പോൾ അധികൃതരെ അറിയിക്കാതെ കരാറുകാരൻ പണി പുനരാരംഭിച്ചു.
ഇതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്. ഈ രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഒരാൾ പൊതുമരാമത്ത് മന്ത്രിക്ക് അയക്കുകയും മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. മഴയത്ത് പണിത ഭാഗങ്ങൾ പരാതിയെ തുടർന്ന് രാത്രിതന്നെ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെയും എ.ഇയുടെയും നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിച്ചുമാറ്റി കരാറുകാരന് നോട്ടീസ് നൽകി. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് ധിറുതിയിൽ ജോലികൾ പുരോഗമിക്കുകയായിരുന്നു.
'മാധ്യമം' വാർത്തക്ക് പിന്നാലെ വിജിലൻസും എത്തിയിരുന്നു
ജല അതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിനു പിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ ജങ്ഷന് വരെ നാലര കിലോമീറ്റര്‍ പാതയുടെ ഇരുവശവും താഴേക്കിരുത്തി അപകടാവസ്ഥയിലായതാണ്. 2019 സെപ്റ്റംബര്‍ 24നാണ് 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് വിജിലന്‍സ് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.
ഉടൻ പൂര്‍ണമായി ഇളക്കി ശരിയായരീതിയില്‍ ടാറിങ് നടത്താനും വിജിലന്‍സ് നിർദേശം നല്‍കിയിരുന്നു. ചീഫ് എൻജിനീയറോട് നേരിട്ട് പണി നടത്താന്‍ നിർദേശം നല്കി അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു.
ടാറിങ്ങിന് ജല അതോറിറ്റി 5.72 രൂപ പൊതുമരാമത്ത് വകുപ്പിന് നല്‍കുകയും ചെയ്തു. പണം തികഞ്ഞില്ലെങ്കില്‍ വേണ്ടത്ര തുക ചെലവാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് മന്ത്രി നിർദേശം നല്‍കിയതാണ്. എന്നാല്‍, ഒന്നും നടന്നില്ല. പാത കൂടുതല്‍ അപകടാവസ്ഥയിലേക്ക് മാറുന്നത് 2021 നവംബര്‍ 17ന് 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂര്‍ സബ് ഡിവിഷന് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് ഉടൻ പരിഹാരത്തിന് നിർദേശം നല്കി.
ഇതിനു മുമ്പ് ഇക്കാര്യത്തില്‍ എസ്റ്റിമേറ്റ് നല്‍കാതെ അലംഭാവം കാട്ടിയ അന്നത്തെ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ബിനുവിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒടുവിലാണ് 92.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
കുടിവെള്ള വിതരണ പൈപ്പ് മാറ്റിയിടല്‍, കലുങ്ക്, റോഡ് നവീകരണം എന്നിവക്കാണ് തുക അനുവദിച്ചത്. രണ്ടുമാസം മുമ്പാണ് ഇവിടെയുണ്ടായിരുന്ന അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബിനുവിനെ പത്തനംതിട്ടക്കു സ്ഥലംമാറ്റി അവിടെനിന്ന് എസ്. റസീനയെ അടൂരിലേക്കു നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.