അടൂർ: കഴിഞ്ഞ തവണ കൈവിട്ട അടൂര്‍ നിയമസഭാ മണ്ഡലം ആന്റോക്ക് ഇത്തവണ കൈത്താങ്ങായി. പത്തനംതിട്ടയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ 2019ല്‍ ആന്റോ ആന്റണി മൂന്നാംസ്ഥാനത്തായത് അടൂരില്‍ മാത്രമാണ്. ബാക്കി ആറിടത്തും യു.ഡി.എഫ് മികച്ച ലീഡ് നേടിയപ്പോള്‍ 1956 വോട്ടുകള്‍ക്ക് അന്ന് അടൂര്‍ ഇടതിനൊപ്പം നിന്നു. എന്നാല്‍ ഇത്തവണ 2,226 വോട്ടിന്റെ ഭൂരിപക്ഷം നൽകി അടൂര്‍ ആന്റോക്കൊപ്പം നിന്നു. വോട്ടുനില: ആന്റോ ആന്റണി- 51,313, എൽ.ഡി.എഫിന്റെ ഡോ. ടി.എം തോമസ് ഐസക്ക്- 49,047, എൻ.ഡി.എയുടെ അനില്‍ കെ. ആന്റണി -38,740 .
2019ലെ തെരഞ്ഞെടുപ്പിൽ അടൂരിൽ അപ്രതീക്ഷിതമായാണ് ആന്റോ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ് 53,216 വോട്ട് നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ 51,260 വോട്ട് നേടി രണ്ടാമത്എത്തി. 49,280 വോട്ടാണ് അന്ന് ആന്റോ നേടിയത്. കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. ഒന്നാം സ്ഥാനത്തേക്ക് എത്താമെന്നായിരുന്നു എൻ.ഡി.എ കണക്കുകൂട്ടൽ. 2009, 2014 തെരഞ്ഞെടുപ്പുകളിൽ ആന്റോ ആന്റണിക്ക് അടൂരിൽ ഭൂരിപക്ഷം ലഭിച്ചെങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശതമാനത്തിൽ പിന്നിലായിരുന്നു.
രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് അടൂർ നിയമസഭ നിയോജക മണ്ഡലം. അടൂര്‍ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട് എന്നീ തദ്ദേശ സ്ഥാപനങ്ങൾ ഉള്‍പ്പെട്ട മണ്ഡലം 1965ലാണ് നിലവില്‍വന്നത്. ജില്ലയിൽ യു.ഡി.എഫിന് ഏറെ അടിത്തറയുള്ള മണ്ഡലമായിരുന്നു അടൂർ. സംവരണ മണ്ഡലമായിരുന്ന അടൂർ യു.ഡി.എഫ് തട്ടകമായിരുന്നു. 2011 മുതലാണ് കാറ്റ് മാറി വീശി തുടങ്ങിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ജയിച്ച് കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.