അടൂർ: ചേന്നമ്പള്ളി കരമാലേത്ത് വീട്ടിൽ പരേതനായ ചിന്നയ്യ ചെട്ടിയാരുടെ ഭാര്യ സരോജിനിയമ്മാൾക്ക് (90) മക്കളുടെ അവഗണനയെ തുടർന്ന് അഗതി മന്ദിരത്തിൽ അഭയം തേടേണ്ടിവന്നു. ആറ് മക്കളുടെ അമ്മയായ സരോജിനിയമ്മാൾ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് കഞ്ഞിവെച്ച് കൊടുത്തും ചായക്കട നടത്തിയുമാണ് മക്കളെ വളർത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ മരണം ഒറ്റയാക്കിയെങ്കിലും തോറ്റു പോകാതെ ജീവിതം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയായിരുന്നു അവർ.
ആറ് മക്കളിൽ മൂന്ന് പേർ മരണപ്പെട്ടു. മക്കളും കൊച്ചുമക്കളുമെല്ലാം നല്ല നിലയിലെത്തിയപ്പോൾ അവർക്ക് സരോജിനിയമ്മാൾ ബാധ്യതയായി. അവഗണനയും ആക്ഷേപവും നിമിത്തം ആരുടെയും വീടുകളിലേക്ക് ചെല്ലാതെയായി.
വിദേശത്തും സ്വദേശത്തും സർക്കാരുദ്യോഗസ്ഥർ ഉൾപ്പെടെ കൊച്ചുമക്കൾ ഉളള സരോജിനിയമ്മാൾ താമസിച്ചിരുന്നത് വഴിയില്ലാത്ത കാടുപിടിച്ച മലമുകളിലെ മൺകട്ട കെട്ടിയ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ്. ഇതും മക്കളിൽ ആരുടെയോ അവകാശത്തിൽ ഉള്ളതാണ്. കക്കൂസോ കുളിമുറിയോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ ദുരിതത്തിലായ സരോജിനിയമ്മാൾ ജീവൻ നിലനിർത്തിയിരുന്നത് നാട്ടുകാർ നൽകിയിരുന്ന ഭക്ഷണം കൊണ്ട് മാത്രമായിരുന്നു.
നാട്ടുകാരിൽ ഒരാൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് പങ്കുവെച്ച ഇവരുടെ ദുരിതകഥ അടൂർ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലക്ക് ലഭിച്ചതോടെയാണ് വിവരം കലക്ടർ, സാമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസർ, അടൂർ ആർ.ഡി.ഒ എന്നിവരെ അറിയിച്ചത്. തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരം ജില്ല സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ബി. മോഹനൻ, വാർഡംഗം സുജിത്, ആർ.ഡി.ഒ ഓഫീസ് ഉദ്യോഗസ്ഥൻ സുധീപ്കുമാർ എന്നിവർ സ്ഥലത്തെത്തുകയും ഇവരുടെ സാന്നിധ്യത്തിൽ മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, പ്രവർത്തകരായ അക്ഷർരാജ്, പുഷ്പ സന്തോഷ്, അനീഷ് ജോൺ, അമൽ രാജ് എന്നിവർ സരോജിനിയമ്മാളിനെ ഏറ്റെടുക്കുകയും ചെയ്തു. സരോജിനിയമ്മാളിന്റെ ദുരിത ജീവിതത്തിൽ പ്രതിഷേധം അറിയിച്ച നാട്ടുകാരോട് മക്കൾക്കും കൊച്ചു മക്കൾക്കുമെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് ജില്ല സാമൂഹ്യ നീതി ഓഫീസർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.