അടൂർ: പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിനു കുറുകെ നിർമിച്ച മണ്ണടി ചെട്ടിയാരഴികത്ത് പാലം പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഈമാസം മൂന്നാം വാരത്തില്‍ നടക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫിസില്‍നിന്ന് പറഞ്ഞു. ഇപ്പോള്‍ നടപ്പാതകള്‍ ടൈല്‍ പാകുന്ന പണിയാണ് നടക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. നിലവില്‍ ആളുകള്‍ മണ്ണടി ഭാഗത്തുനിന്ന് കുളക്കടയിലേക്ക് നടന്നുപോകുന്നുണ്ട്. നാലു മാസം മുമ്പ് പാലത്തിന്റെ പണി മണ്ണടിയില്‍നിന്ന് താഴത്തുകുളക്കട ഭാഗത്ത് എത്തിയിരുന്നു. 2023 അവസാനം പണി തീര്‍ക്കുമെന്നാണ് കരുതിയത്. എന്നാല്‍, ബില്ലുകള്‍ മാറിനല്കാത്തതില് കരാറുകാര്‍ പണി മന്ദഗതിയിലാക്കി. പിന്നീട് ധനമന്ത്രി ഇടപ്പെട്ട് പ്രശ്നം പരിഹരിച്ചതോടെയാണ് നിർമാണം പുരോഗമിച്ചത്.
കൊല്ലം-പത്തനംതിട്ട ജില്ലകളിലെ താഴത്തുകുളക്കട-മണ്ണടി പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന പാലമാണ് ചെട്ടിയാരഴികത്ത് കടവ് പാലം. വര്‍ഷങ്ങളായി ഇവിടെ കടത്തുവഴിയാണ് അക്കരെയിക്കരെ ആളുകള്‍ പോയിരുന്നത്. കൊട്ടാരക്കര മുന്‍ എം.എല്‍.എ ഐഷാ പോറ്റിയുടെ ശ്രമഫലമായാണ് ചെട്ടിയാരഴികത്ത് കടവ് പാലത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.
130.70 മീറ്റര്‍ നീളവും 7.5 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തുമായി 1.50 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുമുള്ള പാലമാണ് വരുന്നത്. 32 മീറ്റര്‍ നീളത്തില്‍ രണ്ട് സ്പാനും 29.75 മീറ്റര്‍ നീളത്തില്‍ രണ്ട് സ്പാനും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റര്‍ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റര്‍ നീളത്തിലും ഇരുവശത്തും ഓടകള്‍ ഉള്‍പ്പെടുത്തി നിലവാരത്തിലുള്ള റോഡുകളും ഉണ്ടാകും. 10.32 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. പാലത്തിലേക്കുള്ള കുളക്കട ഭാഗത്തെ അപ്രോച് റോഡിന്റെ പണി ഭൂരിഭാഗവും പൂര്‍ത്തിയായി. എന്നാല്‍, മണ്ണടി ഭാഗത്തെ അപ്രോച് റോഡിന്റെ പണി പൂര്‍ത്തിയാകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.