അടൂര്‍: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് ആശങ്കക്ക് ഇടയാക്കുന്നു. പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് 2019 ജനുവരിയില്‍ നിലവില്‍ വന്നെങ്കിലും കോവിഡ് വ്യാപനത്തോടെ അയവുവന്നിരുന്നു. ഇതോടെ നിരത്തുകളില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വര്‍ധിച്ചു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാണ് മിക്ക വ്യപാരികളും സാധനങ്ങള്‍ നല്‍കുന്നത്. കോവിഡ് കാലമായതിനാല്‍ പരിശോധനയും നടത്തുന്നില്ല.
നേരത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കിയിരുന്നു. ഒരോ ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മ സേന രൂപവത്കരിച്ച് മാലിന്യശേഖരണം ആരംഭിക്കുകയും ചെയ്തു. പക്ഷേ, ഇത്തരത്തില്‍ ശേഖരിച്ച മാലിന്യം നീക്കംചെയ്യാന്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്കും സാധിച്ചില്ല. മാലിന്യ സംസ്കരണത്തിലും പരിസര ശുചിത്വത്തിലും പാലിക്കേണ്ട ചുമതലകളെ പറ്റി വിശദീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
അതതുസ്ഥലങ്ങളിലെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉപയോഗപ്പെടുത്തി നടപടി സ്വീകരിക്കണം. ഹരിതകര്‍മ സേന, ഹരിതസഹായ സ്ഥാപനം, സന്നദ്ധ സേവന സംവിധാനം എന്നിവയുടെ സഹായത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്നായിരുന്നു നിർദേശം.
മാലിന്യ സംസ്കരണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഖരമാലിന്യ പ്ലാനുകള്‍ തയാറാക്കണമെന്നും ഖരമാലിന്യ ശേഖരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിർദേശിച്ചിരുന്നു. പേക്ഷ, സര്‍ക്കുലര്‍ വന്നതല്ലാതെ ഒന്നും നടപ്പായില്ല. ഇതുസംബന്ധിച്ച് 2019ല്‍ ജില്ല ലീഗല്‍ സർവിസസ് കമ്മിറ്റി മുമ്പാകെ അഡ്വ. ക്ലര്‍ക്ക് അസോ. ജില്ല മുന്‍ സെക്രട്ടറി പുരുഷോത്തമന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പത്തനംതിട്ട, തിരുവല്ല, അടൂര്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതരോട് കമ്മിറ്റി വിശദീകരണം തേടിയിരുന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മറുപടി ലഭിച്ചത്.
അടൂര്‍ നഗരസഭയില്‍ പ്ലാസ്റ്റിക് ശേഖരിച്ച് നഗരപാതകളുടെ ടാറിങ്ങിന് ഉപയോഗിക്കുമെന്ന് മുന്‍ ഭരണസമിതി പറഞ്ഞിരുന്നെങ്കിലും നടന്നില്ല. സെന്‍ട്രല്‍ ചന്തയിലെ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റും പ്രവര്‍ത്തനരഹിതമാണ്. പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് ശേഖരണവും സംസ്കരണവും പാഴ്വാക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.