അടൂർ: കടമ്പനാട് പഞ്ചായത്തിലെ മണ്ണടി കന്നിമലയിൽ വൻകിട ഖനനത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഉരുൾപൊട്ടൽ ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള മലമുകളിലാണ് ശിൽപനിർമാണത്തിന്റെ മറവിൽ കലക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ബിനാമിപ്പേരിൽ ക്വാറി പ്രവർത്തനത്തിന് നീക്കം നടക്കുന്നത്. നാട്ടുകാരുടെ എതിർപ്പുകൾക്കിടെയാണ് ഭൂമാഫിയ എത്തുന്നത്. നിരവധി നീർച്ചാലുകളും വ്യൂ പോയന്റുകളുമുള്ള കന്നിമലയിൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് മുകളിലാണ് ക്വാറി മാഫിയ പിടിമുറുക്കുന്നത്.
മഴക്കാലം ആരംഭിക്കാനിരിക്കെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വഴിവക്കാവുന്ന അനധികൃത ഖനനമാണ് ഇവിടെ നടക്കുന്നത്. 50 ഓളം പട്ടികജാതി കുടുംബങ്ങളാണ് മേഖലയിൽ അധിവസിക്കുന്നത്.
കുടിവെള്ളം ഉൾപ്പെടെ പ്രദേശവാസികളുടെ ഏക ആശ്രയമാണ് കടമ്പനാട്, ഏഴംകുളം, ഏറത്ത് പഞ്ചായത്തുകളുടെ അതിര് പങ്കുവെക്കുന്ന കന്നിമല. 140 ഓളം കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്നതും ഈ മലയോരത്തെ പ്രകൃതിദത്ത നീരുറവകളെയാണ്. ക്വാറി പ്രവർത്തനം തുടങ്ങുന്നതോടെ പ്രദേശവാസികൾ ശുദ്ധജലത്തിന് നെട്ടോട്ടമോടേണ്ടിവരും. വർഷങ്ങൾക്ക് മുമ്പ് ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറിയുടെ പ്രവർത്തനങ്ങൾ കാരണം ജലസ്രോതസ്സുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.