അടൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ നഗരസഭ ടേക് എ ബ്രേക്ക് (കംഫർട്ട് സ്റ്റേഷൻ) സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് മറ്റാൻ നടപടിയായില്ല. ദിവസങ്ങൾക്ക് മുമ്പ് നഗരസഭ അധികൃതർ തട്ടിക്കൂട്ട് പണി നടത്തിയതല്ലാതെ ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പത്രവാർത്തയെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് സെപ്റ്റിക് ടാങ്കിന്റെ മുകളിൽ മണ്ണ് മൂടിയത്. എന്നാൽ, ഇപ്പോഴും ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്.
മഴക്കാലത്ത് ഊറ്റിറങ്ങി സമീപത്തെ ഓടയിലെ വെള്ളം ഇവിടെ എത്തിയതോടെയാണ് ഇത് നിറഞ്ഞത്. കടുത്ത ദുർഗന്ധവും വമിക്കുന്നുണ്ട്. ടാങ്കിനോട് ചേർന്ന് വലിയ കാടാണ്. ഇതിനാൽ തട്ടിക്കൂട്ട് പണിയിൽ മണ്ണ് ടാങ്കിന്റെ പുറത്തിട്ടത് ഒറ്റനോട്ടത്തിൽ അറിയില്ല.
സെന്റ് മേരീസ് സ്കൂളിലേക്കും സമീപത്തെ ക്ഷേത്രത്തിലേക്കുമുള്ള റോഡിലേക്കാണ് മലിനജലം ഒഴുകി എത്തുന്നത്. ഇവിടെനിന്ന് വലിയ തോട്ടിലേക്ക് പോകുന്ന ഓട അടഞ്ഞ് കിടക്കുന്നതും ഒരുഭാഗം മണ്ണിട്ട് മൂടിയതും ഇവിടെ വെള്ളം കെട്ടിനിന്ന് സെപ്റ്റിക് ടാങ്കിലേക്ക് ഊറ്റിയിറങ്ങാൻ പ്രധാന കാരണമാകുന്നു. പൂർണമായും ഓട വൃത്തിയാക്കി വെള്ളം ഒഴുക്ക് പുനഃസ്ഥാപിച്ചെങ്കിലേ ടാങ്കിന് ചുറ്റുമുള്ള വെള്ളക്കെട്ട് മാറുകയുള്ളൂ. വിസർജ്യ മലിന്യം കെട്ടിക്കിടക്കുന്നതിനാൽ സ്റ്റാൻഡിൽ കൊതുക് ശല്യവും വർധിച്ചു. കൂടാതെ, മറ്റ് സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കാൻ കാരണമാകും. ദുർഗന്ധം കാരണം സ്റ്റാൻഡിനുള്ളിലും മൂക്കുപൊത്താതെ നിലക്കാൻ കഴിയാത്ത സ്ഥിതിയാണ്. മലിനജലം പുറത്തേക്ക് ഒഴുകി ദുർഗന്ധം വമിക്കുന്നതുമൂലം നേരത്തേ ഉണ്ടായിരുന്ന ടോയ്ലറ്റ് പൊളിച്ച ശേഷമാണ് ലക്ഷങ്ങൾ ചെലവിട്ട് നഗരസഭ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം പുതിയത് നിർമിച്ചത്. പുതിയ കെട്ടിട നിർമാണവേളയിൽതന്നെ ഇവിടെ വെള്ളക്കെട്ടുണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നിട്ടും സങ്കേതികവിദ്യകളെ അടിസ്ഥാനപ്പെടുത്തി ഇവിടെ ദീർഘവീക്ഷണങ്ങളോടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയില്ല. നിർമാണത്തിന്റെ മറവിൽ അഴിമതിയുണ്ടെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ അന്നേ ആരോപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബറിലായിരുന്നു.
മലിനജലം പുറത്തേക്ക് ഒഴുകിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതർ കത്ത് നൽകിയതിനെ തുടർന്ന് താൽക്കാലികമായി ടാങ്കിന് മുകളിൽ മണ്ണ് വിതറി നഗരസഭ തടിതപ്പുകയായിരുന്നു. ഇത് വീണ്ടും പ്രതിഷേധങ്ങൾക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.