അടൂർ: ചളിക്കുണ്ടായ റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി ഏഴംകുളം പഞ്ചായത്ത്. രണ്ട്, മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന തൊടുവക്കാട്-ഉഷസ് പടി-വടക്കേക്കരപ്പള്ളി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് ‘റോഡോ അതോ ചളിക്കുണ്ടോ’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് റീബിൽഡ് കേരള അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ജില്ലയുടെ ചുമതലയുള്ള അസി. എൻജിനീയർ, കരാറുകാരന്റെ പ്രധിനിധിയടക്കം ഉൾപ്പെടുന്ന സംഘം ബുധനാഴ്ചയെത്തി റോഡ് പരിശോധിച്ചു. റോഡിൽ ചളിക്കുണ്ടായി കിടക്കുന്ന ഭാഗങ്ങൾ വെള്ളിയാഴ്ച മെറ്റിലിട്ട് സഞ്ചാരയോഗ്യമാക്കി. യൂത്ത് കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി മഴമാറുന്നതിനനുസരിച്ച് രണ്ടു മാസത്തിനുള്ളിൽ റോഡ് പണി പൂർണതോതിൽ ആരംഭിക്കാം എന്നും റീബിൽഡ് കേരള ഉദ്യോഗസ്ഥർ ഉറപ്പുലഭിച്ചതായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ഇതോടെ തൊടുവക്കാട്, പാറെപ്പടി, വടക്കേക്കരപ്പള്ളി നിവാസികൾ ഏറെക്കാലമായി അനുഭവിച്ചിരുന്ന യാത്ര ദുരിതത്തിനാണ് ഭാഗികമായെങ്കിലും പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.