അടൂര്‍: കാല്‍നടക്കാരെ പേടിപ്പിക്കുന്ന ന്യൂജന്‍ ബൈക്കുകളുടെ മരണപ്പാച്ചിലിന് നിയന്ത്രണം ഏര്‍പ്പെടുത്താതെ പൊലീസ്. വൈകീട്ട് മൂന്നിനും അഞ്ചിനുമിടയാണ് അടൂര്‍ നഗരമധ്യത്തില്‍പോലും സ്ഥിരമായി ഇവരുടെ കസര്‍ത്തുകള്‍. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയേയുള്ളൂ.
പിടിച്ചാല്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഇവരുടെ രക്ഷകരായി എത്തും. വെള്ളിയാഴ്ച വൈകീട്ട് 4.45ന് അമിതവേഗത്തില്‍ വന്ന കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ന്യൂജന്‍ ബൈക്ക് അടൂര്‍ പാലത്തിനു സമീപം അപകടത്തിൽപെട്ടു. റോഡിനു കുറുകെ തിരിച്ച സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. പ്ലസ് ടു വിദ്യാര്‍ഥികളായ മൂന്നുപേരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടൻ ന്യൂജന്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥി സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയെ ജനമധ്യത്തില്‍ കൈയേറ്റം ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ സ്‌കൂട്ടറുമായി കടന്നിരുന്നു. ന്യൂജന്‍ ബൈക്ക് യാത്രികരെ പൊലീസ് വിട്ടയക്കുകയാണ് ഉണ്ടായത്. എയര്‍ ഹോണ്‍ മുഴക്കി അമിത വേഗത്തില്‍ രണ്ടിലധികം പേരുമായി പാഞ്ഞുവരുന്ന ബൈക്കുകള്‍ കണ്ടാല്‍ ജീവഭയത്താല്‍ റോഡില്‍നിന്ന് ഓടിമാറേണ്ട അവസ്ഥയാണെന്ന് യാത്രക്കാര്‍ പറയുന്നു. വിനോബാജി റോഡിനു സമീപം വൈകീട്ട് പാര്‍ക്ക് ചെയ്യുന്ന ന്യൂജന്‍ ബൈക്കുകളില്‍ യുവാക്കള്‍ ചീറിപ്പായുന്നത് സ്ഥിരം സംഭവമായിട്ടും നിയമപാലകര്‍ അനങ്ങാറില്ല. ന്യൂജന്‍ ബൈക്കുകളില്‍ പറക്കുന്ന യുവാക്കള്‍ക്ക് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ല. കോളജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളെത്തുന്നത് വിലകൂടിയ ന്യൂജന്‍ ബൈക്കുകളിലാണ്. 400 സി.സിയുള്ള എൻജിനുകളാണ് ഇത്തരം ബൈക്കുകളില്‍ സാധാരണയായി ഉപയോഗിക്കുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കിയാല്‍ അമിത വേഗത്തിന് കടിഞ്ഞാണിടാന്‍ കഴിയും.
ബൈക്കുകളുടെ അനുവദനീയ വേഗം മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍, ന്യൂജന്‍ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ വേഗം 50 കിലോമീറ്ററിന് മുകളില്‍ വരും. അമിത വേഗത്തില്‍ പായുന്ന ഇവ അപകടങ്ങളില്‍പെടുന്നത് പതിവ് കാഴ്ചയാണ്.
അടൂരില്‍ ന്യൂജെന്‍ ബൈക്കുകളില്‍ ചീറിപ്പായുന്നതിലധികവും വിവിധ സ്‌കൂളുകളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. എസ്.എസ്.എല്‍.സി ജയിക്കുമ്പോള്‍ വീട്ടുകാരില്‍ സമ്മര്‍ദം ചെലുത്തിയാണ് മിക്ക വിദ്യാര്‍ഥികളും ഇവ സ്വന്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.