അടൂർ: വിവിധ ആവശ്യങ്ങൾക്ക് അടൂർ പൊലീസ് സ്റ്റേഷനിലും റവന്യൂ ടവറിലെ സർക്കാർ ഓഫിസുകളിലും എത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം വിലസുന്നു. റവന്യൂ ടവറിൽ താലൂക്ക് ഓഫിസ് ഉൾപ്പെടെ നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്താണ് ഡിവൈ.എസ്.പി ഓഫിസും ജനമൈത്രി, ട്രാഫിക് പൊലീസ് സ്റ്റേഷനും കോടതികളും.
ഇവയുടെ കവാടത്തിൽ പലയിടത്തായി പുലർച്ച മുതൽ തമ്പടിക്കുന്ന സംഘാംഗങ്ങൾ അതുവഴി വരുന്നവരെ അനുനയത്തിൽ പരിചയപ്പെട്ട് കൂട്ടിക്കൊണ്ടുപോയി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പണം തട്ടിയശേഷം മറ്റൊരു ദിവസം എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞ് തടിതപ്പുകയാണ് രീതി.
ഓഫിസുകളിൽ നേരിട്ടു ചെന്നാൽ കാര്യം നടക്കില്ലെന്നും ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്ന ഇവർ അതത് ഓഫിസുകളിൽ കയറി സംസാരിക്കുന്നതായി നടിച്ച് അവരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും ചെയ്യും. റവന്യൂ ടവർ ഇടനാഴികളിൽ ഈ സംഘത്തിന്റെ ഇടപെടൽ കാരണം സമീപ കടകളിൽ വ്യാപാരവും കുറഞ്ഞു. ഇവരെ ഭയന്ന് അതുവഴി സഞ്ചരിക്കാൻ ആളുകൾ മടിക്കുകയാണ്.കടലാസ് സംഘടനയുടെ നേതാക്കളായി ചമഞ്ഞാണ് ഇവരുടെ തട്ടിപ്പ്. ഇതേക്കുറിച്ച് പൊലീസിന് അറിയാമെങ്കിലും ‘കണ്ണടക്കുകയാണെന്ന്’ ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.