അടൂര്‍: ലോക്ഡൗണില്‍ വിദ്യാലയങ്ങള്‍ പൂട്ടിയതോടെ ജോലിയില്ലാതായി സ്കൂള്‍ പാചക തൊഴിലാളികള്‍. സംസ്ഥാനത്തെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് 2020 ജൂണ്‍ മുതല്‍ വേതന വിതരണം നിര്ത്തിെവച്ചതോടെ തൊഴിലാളികളും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബവും കഷ്ടത്തിലാണ്.
ദീര്‍ഘനാളത്തെ ലോക്ഡൗണും മറ്റു തൊഴില്‍ ഇല്ലാത്തതും ഇവരുടെ ദുരിതം കൂട്ടുന്നു. അധ്യാപകര്‍ക്കും അധ്യാപക ഇതരജീവനക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെങ്കിലും സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ജോലിയുമില്ല, കൂലിയുമില്ല. വിദ്യാര്‍ഥികള്‍ക്ക് കിറ്റ് നല്കുമ്പോഴും പാചകക്കാര്‍ക്ക് ഒരു കിറ്റുപോലും നല്‍കുന്നില്ല. പ്രതിമാസം 1600 രൂപ അലവന്‍സ് അനുവദിച്ചത് മൂന്നു മാസം കുടിശ്ശികയാണ്. മധ്യവേനല്‍ അവധിക്കാലത്ത് 2000 രൂപ ശമ്പളമായി നല്‍കിയിരുന്നത് ഇക്കുറി നല്‍കിയില്ല. ഏപ്രില്‍, േമയ്്, ജൂണ്‍ മാസങ്ങളിലെ അലവന്‍സ് 4800 രൂപ കൊടുത്തുതുടങ്ങിയിട്ടേയുള്ളു. മിക്ക സ്കൂളുകളിലും ഒരു പാചക തൊഴിലാളിയേ കാണൂ. 500നു മുകളില്‍ വിദ്യാര്‍ഥികള്‍ ഉള്ള ചില സ്കൂളുകളില്‍ മാത്രമാണ് രണ്ടുപേരുള്ളത്. രണ്ടുവര്‍ഷം മുമ്പുവരെ 350 രൂപയായിരുന്നു ഇവരുടെ ദിവസ ശമ്പളം. 2017ലെ ബജറ്റിൽ 550 രൂപയാക്കി. 2021 ജൂണ്‍ 17ന് 600 രൂപയായി വര്‍ധിപ്പിച്ചു. ഇവര്‍ക്ക് സേവനവ്യവസ്ഥയില്ല എന്നുള്ളതാണ് പ്രധാന പ്രശ്നം.
അംഗന്‍വാടി, ആശ, സ്കൂള്‍ പാചക തൊഴിലാളി എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളാണ് ഇവര്‍ക്ക് ശമ്പളം നല്‍കേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായി പണം അനുവദിക്കുന്നില്ല. അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം, പെന്ഷന്, ക്ഷേമനിധി എന്നിവ ലഭിക്കും. എന്നാല്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ സംഘടനകളുടെ ശക്തിയില്‍ നേടിയെടുത്തതാണ് ഇതൊക്കെ. സ്കൂൾ പാചക തൊഴിലാളികളില്‍ 99 ശതമാനം പേരും സ്ത്രീകളും പ്രായമുള്ളവരുമാണ്. സ്കൂളിലെ ഭക്ഷണം തയാറാക്കുന്ന ജോലിയായതിനാല്‍ സമരം നടത്താനും കഴിയില്ല. പി.ടി.എ കമ്മിറ്റിയോ തദ്ദേശ സ്വയംഭരണ സ്ഥാപന മെംബറോ വിചാരിച്ചാല്‍ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിടാമെന്നതാണ് അവസ്ഥ. അവധിയെടുത്താല്‍ ശമ്പളവും ലഭിക്കില്ല.
സർക്കാർ കണക്കിൽ സന്നദ്ധസേവകർ
പത്തനംതിട്ട: സർക്കാറിെൻറ കണക്കിൽ സന്നദ്ധസേവകരാണ് പാചക െതാഴിലാളികൾ. ഈ പദവികൊണ്ട് ഗുണമൊന്നും തൊഴിലാളികൾക്കില്ല. എപ്പോൾ വേണെമങ്കിലും ജോലിയിൽനിന്ന് പറഞ്ഞുവിടാം എന്നതടക്കം ദോഷങ്ങൾ ഏറെയുണ്ടുതാനും. മുമ്പ് കഞ്ഞിയും പയറും െവച്ചാൽ മതിയായിരുന്നു. പിന്നീട് മൂന്നുകൂട്ടം കറിയുൾപ്പെടെയാണ് ഭക്ഷണം തയാറാക്കിത്തുടങ്ങിയത്. രാവിലെ 8.30ന് എത്തിയാൽ വൈകീട്ട് മൂേന്നാടെ മാത്രമെ സ്കൂൾ വിട്ട് പോകാൻ കഴിയൂ. ആഹാരം വൃത്തിയായി പാകം ചെയ്ത് പാത്രത്തിലാക്കി അടച്ചുെവക്കണം.
പാചകവും പാത്രം കഴുകലുമടക്കം എല്ലാ ജോലികളും ഒറ്റക്കാണ് ചെയ്യുന്നത്. അവധി എടുക്കണമെങ്കിൽ പകരം ആളെ നൽകണം.അവധിയോ പഠിപ്പുമുടക്കോ വന്നാൽ അന്നത്തെ വേതനം നഷ്ടമാകും. കോവിഡ് പശ്ചാത്തലത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ തുടർ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിന് അയച്ച റിപ്പോർട്ട് ഇപ്പോഴും ചുവപ്പുനാടയിൽ കിടക്കുന്നു.
ഫണ്ട് ലഭിക്കുന്നമുറക്ക് പരിഗണിക്കാമെന്നാണ് നിവേദനത്തിന് ലഭിച്ച മറുപടി. അവധി മാസങ്ങളിൽ മറ്റുജോലിക്ക് പോയാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. കോവിഡ് കാരണം ഇതും മുടങ്ങിയതോടെ ഏറെ പരിതാപകരമാണ് അവസ്ഥ. പാചക തൊഴിലാളി യൂനിയനും ഏറെ നാളായി നിർജീവമാെണന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.