അടൂർ: നഗരത്തിൽ പാർക്കിങ്ങിന് നഗരസഭ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല. അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിനും കാൽനടക്കാർക്കും ദുരിതമാണ്. ഇരട്ടപ്പാലങ്ങളിൽപോലും വാഹനങ്ങൾ കൊണ്ടിടുന്നത് ബുദ്ധിമുട്ടാകുകയാണ്. തിരക്കുള്ള സമയത്ത് പാർഥസാരഥി ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻവരെ ഗതാഗതക്കുരുക്കാണ്.
വാഹനങ്ങൾക്കിടയിലൂടെയാണ് ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം. കേരള ബാങ്ക് ശാഖ മുതൽ ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡുവരെ റോഡിന്റെ ഒരു വശത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.എതിർ വശത്ത് കടകളിലേക്ക് സാധനം ഇറക്കാനുള്ള ലോറികളും വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളുടെ നിരയുമാണ്. സ്റ്റാൻഡിൽനിന്ന് പാർഥസാരഥി ജങ്ഷനിലേക്ക് കാൽനടപോലും അസാധ്യമാണ്.
ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് നേരത്തെ അഞ്ചോ ആറോ ടാക്സികളായിരുന്നു പാർക്ക് ചെയ്തിരുന്നത്. ടാക്സികൾ ഇപ്പോൾ പിറകോട്ട് മാറിയതോടെ ഈഭാഗം ഇരുചക്ര വാഹന യാത്രികർ കൈയടക്കി. കാൽനട തടസ്സപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ മാത്രം പാർക്കിങ് ബോർഡായി മാറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി കവാടത്തിലെ കടകളിൽ വരുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഇടുന്നതുമൂലം റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന ബസുകളുടെ ഡ്രൈവർമാർ കാൽനടക്കാരെ ഗൗനിക്കാറുമില്ല. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്കുകളും മറ്റും അപകടം സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് നഗരസഭ മുൻ ചെയർമാൻ ഡി. സജി ഉറപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.