അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഉടയൻകുളത്തെ കൃഷി വകുപ്പ് കെട്ടിടം പുതുക്കിപ്പണിത് കാർഷിക സേവന കേന്ദ്രമാക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല.കാർഷിക, ജലസേചന മാർഗങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും കർഷകർക്ക് അവബോധം നൽകാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ താമസിച്ച് പ്രവർത്തിച്ചിരുന്ന ഓഫിസാണ് സാമൂഹിക വിരുദ്ധർ കൈയേറിയിരിക്കുകയാണ്. സാമൂഹികവിരുദ്ധർ ഭാഗികമായി തകർത്ത കെട്ടിടം അനാശാസ്യത്തിനും മറ്റും ഉപയോഗിക്കുകയാണ്.
ലോകബാങ്ക് ധനസഹായത്തോടെ 1985ൽ കൃഷി, ജലസേചന വകുപ്പുകൾ സംയുക്തമായാണ് കല്ലട ജലസേചന പദ്ധതിയും വൃക്ഷവിള വികസനവും (കെ.ഐ ആൻഡ് ടി.സി.ഡി.പി) നടപ്പാക്കിയത്. വൃക്ഷവിള കൃഷിയും ഉൽപാദന വർധനയുമാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പുരയിട കൃഷിക്ക് ഉപകാരപ്രദമാകുംവിധം കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ജലനിർഗമന ഉപകരണങ്ങൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തതിനാൽ പദ്ധതി വിഭാവനം ചെയ്ത രീതിയിലുള്ള പ്രവർത്തനം സുഗമമായി കൊണ്ടുപോകാൻ സാധിക്കാതെ 2000ത്തിൽ ലക്ഷ്യം കാണാതെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഈ കെട്ടിടം കുറച്ചുകാലം അഗ്രോക്ലിനിക്കായി പ്രവർത്തിപ്പിച്ചിരുന്നു. ഈകാലയളവിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ആഴ്ചയിൽ രണ്ട് ദിവസം മണ്ണടിയിലെ കർഷകർക്ക് ലഭിച്ചു. എന്നാൽ, ഗ്രാമപഞ്ചായത്തിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവ് കാരണം പിന്നീട് തുടരാൻ കഴിഞ്ഞില്ല.
നവകേരള നിർമാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പ്രാദേശിക വികസനം ലക്ഷ്യമാക്കി കർഷകരുടെ സഹകരണത്തോടെ ജനങ്ങൾക്ക് ഉപകാരപ്രദമായ സംരംഭങ്ങൾ തുടങ്ങാൻ കെട്ടിടം ഉപയോഗപ്പെടുത്താം.ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധയുണ്ടാകണമെന്ന് മണ്ണടി പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് ശരത്ചന്ദ്രൻ നായരും സെക്രട്ടറി അവിനാഷ് പള്ളീനഴികത്തും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.