പത്തനംതിട്ട: കോവിഡ് അടച്ചിടലിൽ കുറഞ്ഞുനിന്ന എയ്ഡ്സ്ബാധിതരുടെ എണ്ണം അതിനുശേഷം കൂടുന്നതായി കണക്കുകൾ. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന സർക്കാറിന്റെ ഉഷസ് കേന്ദ്രങ്ങളിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 28057 എച്ച്.ഐ.വി അണുബാധിതരാണുള്ളത്.
കേരളത്തിൽ 2018ൽ 1220 പേർക്കും 2019ൽ 1211 പേർക്കും എച്ച്.ഐ.വി സ്ഥീകരിച്ചപ്പോൾ കോവിഡ് അടച്ചിടൽ കാലമായ 2020, 21 വർഷങ്ങളിൽ യഥാക്രമം 840, 866 പേരായി കുറഞ്ഞിരുന്നു. എന്നാൽ 2022ൽ 1126 ഉയർന്നു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 10 മാസത്തിനിടെ 1042 പേർക്കാണ് അണുബാധയുണ്ടായത്.
ജില്ലയിൽ ഇക്കാലത്ത് 539 പേർക്ക് രോഗബാധയുണ്ടായി. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ നടത്തിയ 16,703 പരിശോധനയിൽ 18 പേർക്ക് രോഗം കണ്ടെത്തി. ഒരു വർഷത്തിനിടെ ജില്ലയിൽ മരിച്ചത് 10 പേരാണ്. ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗം കണ്ടെതിയിട്ടില്ല.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് രോഗ സാന്ദ്രത കുടുതലായി റിപ്പോർട്ട് ചെയ്യുന്നത്. 1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്ഐവി അണുബാധയും എയ്ഡ്സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്.ഐ.വി അണുബാധ ഉണ്ടായതായും 69,110 പേര് എയ്ഡ്സുമായി ബന്ധപ്പെട്ട് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട: ജില്ലതലഎയ്ഡ്സ് ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണറാലി ജില്ല പൊലീസ് മേധാവി വി. അജിത് ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് വളപ്പില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
സമൂഹങ്ങള്‍ നയിക്കട്ടെ എന്ന സന്ദേശമുയര്‍ത്തി ജില്ലയിലെ വിവിധ നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി ഹൃദ്യമായിരുന്നു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പത്തനംതിട്ട: എച്ച്.ഐ.വി അണുബാധ കേരളത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് കലക്ടര്‍ എ. ഷിബു പറഞ്ഞു. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലതലപരിപാടിയില് മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, ചേര്‍ത്തു പിടിക്കേണ്ടവരാണ് എയ്ഡ്സ് ബാധിതര്‍.
പ്രതിരോധത്തിലൂടെ രോഗത്തെ തുരത്താമെന്നും വലിയ ബോധവല്‍ക്കരണ പരിപാടികളാണ് ഇന്ത്യയില്‍ എയ്ഡ്സിനെതിരെ സംഘടിപ്പിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വഹിച്ചു. റാലിയില്‍ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനം നേടിയ നഴ്സിങ് കോളജുകള്‍ക്കുള്ള ട്രോഫി കലക്ടര്‍ വിതരണം ചെയ്തു.
നഗരസഭ ആരോഗ്യ- വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി മുഖ്യസന്ദേശം നല്കി.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നിരണ് ബാബു, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ഷമീര്‍, നഗരസഭാംഗം റോസിലിന് സന്തോഷ്, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ്.
ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സേതുലക്ഷ്മി, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രെറ്റി സഖറിയ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.പി. ജയകുമാര്‍, ഷാജു ജോണ്‍, പ്രോജക്ട് മാനേജര്‍ പ്രവീണ്‍ രാജ്, എം.ടി. ദിനേശ് ബാബു, നിസി സൂസന് സ്റ്റീഫന്‍, മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.