പത്തനംതിട്ട: ശമ്പളം ആവശ്യപ്പെട്ട് 108 ആംബുലൻസ് ജീവനക്കാരുടെ സമരം ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനമാകെ ചൊവ്വാഴ്ച നടക്കുന്ന സൂചന പണിമുടക്കിൽ ആരോഗ്യമേഖലയിൽ ആശങ്ക ഉയരുന്നു.
നഴ്സുമാരും ഡ്രൈവറും ഓഫിസ് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് ജൂണിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു നേതൃത്വത്തിൽ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സമരം തുടങ്ങിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്തുന്നുണ്ട്. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെയും ജീവനക്കാരെയും ഒഴിവാക്കിയതായി ജനറൽ സെക്രട്ടറി വി.ആർ. രാജീസ് അറിയിച്ചു. ഒരുദിവസത്തെ സമരത്തിൽ സേവനങ്ങളിൽനിന്ന് പൂർണമായി വിട്ടുനിൽക്കാനാണ് തീരുമാനം. മറ്റ് യൂനിയനുകളും പിന്തുണയുമായി ഒപ്പമുണ്ട്.
2019 മുതലാണ് എല്ലാ ജില്ലയിലും 108 ആംബുലൻസ് സർവിസ് തുടങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസ് കമ്പനിക്കാണ് നടത്തിപ്പുചുമതല. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഏഴാം തീയതിക്കുമുമ്പ് ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇൗ വർഷം ഇൻക്രിമെന്റും ലഭിച്ചിട്ടില്ല. സർക്കാർ ഫണ്ട് ലഭിച്ചില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വേതനം വൈകിയ സാഹചര്യത്തിൽ മുമ്പും 108 ആംബുലൻസ് ജീവനക്കാർക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്.
സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് നിസ്സഹകരണ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കരാർ കമ്പനിക്ക് മെഡിക്കൽ സർവിസ് കോർപറേഷൻ 3.8 കോടി അനുവദിച്ചിരുന്നു.
എന്നാൽ, ഈ തുക ശമ്പളം നൽകാൻ തികയില്ല എന്നാണ് കമ്പനിയുടെ വാദമെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിക്കുന്നു. ആംബുലൻസുകളിൽ ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും ഓക്സിജനും മരുന്നുകളും ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റും കുടിശ്ശികയുള്ള പണം ഈ തുകയിൽനിന്ന് നൽകാനാണ് കരാർ കമ്പനിയുടെ നീക്കം.
സംസ്ഥാനത്ത് നിപയും പനിക്കെടുതിയും വ്യാപിക്കുന്ന സാഹചര്യത്തിൽ സമരം നടത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. സേവനം നിലച്ചാൽ അപകടത്തിൽപെടുന്നവർക്കും ഗർഭിണികൾക്കും ഉൾപ്പെടെ അടിയന്തര ചികിത്സ ലഭ്യമാകേണ്ട സാഹചര്യത്തിൽ പ്രതിസന്ധി നേരിടേണ്ടി വരും. സമരം നീളുമ്പോഴും ശമ്പളം നൽകി ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആശുപത്രികളിൽനിന്നുള്ള റഫറൽ രോഗികളെ കൊണ്ടുപോകാൻ സ്വകാര്യആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. ജില്ലയിലെ ആശുപത്രിയിൽനിന്ന് നിത്യവും നിരവധി രോഗികളെയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാറുള്ളത്.
108ൽപെട്ട 15 ആംബുലൻസാണ് ജില്ലയിലുള്ളത്. ഇതിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയും എട്ടെണ്ണം 12 മണിക്കൂർ പ്രവർത്തിക്കുന്നവയുമാണ്. നഴ്സും ഡ്രൈവറും അടക്കം രണ്ടുപേരാണ് ആംബുലൻസിലുണ്ടാകുക. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസിൽ രണ്ടു ഷിഫ്റ്റ് ആയാണ് ഡ്യൂട്ടി.
സ്ത്രീകളും പുരുഷൻമാരും അടക്കം 60 പേർ ജീവനക്കാരായുണ്ട്. ജോലി സമയം 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നീളും. പ്രതിമാസ വേതനം: നഴ്സ്: 24,000 രൂപ, ഡ്രൈവർ: 21,000 രൂപ. ഒരുമാസം ഒരു ആംബുലൻസ് 1000 കിലോമീറ്റർ ഓടിയാൽ മതിയെന്നാണ് കരാർ. എന്നാൽ, 8000 കിലോമീറ്റർവർ വരെ സർവിസ് നടത്താറുണ്ടെന്ന് ജീവനക്കാർ പറയുന്നു.
തങ്ങളുടെ കഷ്ടപ്പാട് ആരോട് പറയുമെന്നാണ് ആംബുലൻസ് ജീവനക്കാരുടെ ചോദ്യം. സ്കൂൾ തുറന്നതും മഴയും വെള്ളപ്പൊക്കവും പല കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കി. അത്യാവശ്യത്തിന് പോലും പണമില്ലാത്ത അവസ്ഥ. ഈ വരുമാനം മാത്രമുള്ളവർ ദുരിതത്തിലാണ്. ആംബുലൻസ് കേടായാൽ പകരം വാഹനം തന്ന ശേഷമാണ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകേണ്ടത്. എന്നാൽ പകരം ആംബുലൻസ് ലഭിക്കില്ല. നിരന്തരം ആവശ്യപ്പെട്ടാൽ മാത്രമാണ് പണി തീർത്തുതരിക. കോവിഡ് സമയത്ത് രോഗഭീതിക്കിടയിലും രാപ്പകൽ പണിയെടുത്തവരാണ് 108 ആംബുലൻസ് ജീവനക്കാർ. എന്നാൽ ഇവർക്ക് അതിനുള്ള അംഗീകാരമോ ആനുകൂല്യങ്ങളോ നൽകിയിട്ടില്ല.
2023 സെപ്റ്റംബർ മുതലുള്ള ഫണ്ട് കുടിശ്ശികയായ 75 കോടി കരാർ കമ്പനി കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്ന് ലഭിക്കാനുണ്ട്.
ഇത് തങ്ങൾക്ക് മേലുള്ള സാമ്പത്തിക ബാധ്യതകൾ വർധിപ്പിക്കുന്നുവെന്നും അടിയന്തരമായി മെഡിക്കൽ സർവിസസ് കോർപറേഷൻ വിഷയത്തിൽ ഇടപെട്ട് കുടിശ്ശിക തുക നൽകണമെന്നും കാട്ടി കരാർ കമ്പനി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രിക്കും മെഡിക്കൽ സർവിസസ് കോർപറേഷൻ ഡയറക്ടർക്കും കത്ത് നൽകിയിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിൽനിന്ന് ഫണ്ട് ലഭ്യമായില്ല എങ്കിൽ വരും മാസങ്ങളിലും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാര്യത്തിൽ പ്രതിസന്ധി തുടരുമെന്ന് നിലപാടിലാണ് കമ്പനി.
സമരം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജ്യുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നോട്ടീസ് അയച്ചത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് ചൂണ്ടിക്കാട്ടി അനീഷ് മണിയനാണ് കമീഷനെ സമീപിച്ചത്. അധികൃതർ മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം സമരങ്ങൾ ആവർത്തിക്കുന്നത്. 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തുന്നത് കാരണം വൻതുക മുടക്കി സ്വകാര്യ ആംബുലൻസ് വിളിക്കേണ്ടി വരുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.