പത്തനംതിട്ട: കായികമേളക്ക് പിന്നാലെ സ്കൂൾ ശാസ്ത്രോത്സവത്തിലും ജില്ല പിന്നിൽ. ആലപ്പുഴയിൽ നടന്ന ശാസ്ത്രോത്സവത്തിൽ പതിമൂന്നാം സ്ഥാനത്താണ് ജില്ല. 123 പോയന്റാണ് സംസ്ഥാനത്ത് 13 ാമതായി രൂപം കൊണ്ട മലയോര ജില്ലക്ക് ശാസ്ത്രോത്സവത്തിൽ ലഭിച്ചത്. കുട്ടികളുടെ താൽപര്യക്കുറവും ചെലവിന് പണമില്ലാത്തതുമാണ് ജില്ല പിന്നിലാകാൻ കാരണമെന്ന് അധ്യാപകർ പറയുന്നു.
സർക്കാർ സ്കൂളുകളിൽനിന്ന് ശാസ്ത്രോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എയ്ഡഡ് സ്കൂളാണ് കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചത്. ജില്ലതല ശാസ്ത്രോത്സവം തട്ടിക്കൂട്ടി നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതിന്റെ പ്രതിഫലനം സംസ്ഥാനതല മത്സരത്തിലും പ്രകടമായി. കുട്ടികൾ ഉണ്ടാക്കിയ ഉപകരണങ്ങളുടെ പ്രദർശനം പ്രഹസനമായിരുന്നു. ജില്ലയിൽനിന്ന് ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് 158 കുട്ടികളാണ്.
ആർക്കും ഒന്നാംസ്ഥാനം നേടാനായില്ല. പങ്കെടുക്കുന്ന എല്ലാവർക്കും ലഭിക്കുന്ന എ ഗ്രേഡും ബി ഗ്രേഡുമൊക്കെയായിട്ടാണ് കുട്ടികൾ മടങ്ങിയത്. ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് വാർഷിക പരീക്ഷകൾക്ക് ഗ്രേസ് മാർക്കു ലഭിക്കുമെന്നതിനാൽ കുറച്ചെങ്കിലും അഭിരുചിയുള്ളവരെ സ്കൂൾ അധികൃതർ പങ്കെടുപ്പിക്കുകയായിരുന്നു. സ്കൂൾ വിഭാഗങ്ങളിൽ മൊത്തത്തിലുള്ള പ്രകടനത്തിന് കോന്നി ഗവ.ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം സ്ഥാനത്തു വന്നതുമാത്രമാണ് ജില്ലക്ക് എടുത്തുപറയാവുന്ന നേട്ടം. തുമ്പമൺ എം.ജി.എച്ച്.എസ്.എസ് 34ാം സ്ഥാനത്തും ഇടയാറൻമുള എ.എം.എം.എച്ച്.എസ്.എസ് 58ാം സ്ഥാനത്തുമെത്തി. ടീച്ചിങ് എയ്ഡ് വിഭാഗത്തിൽ തുമ്പമൺ എം.ജി.എച്ച്.എസ്.എസിലെ എബി തോമസും കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസിലെ ജിനു ഫിലിപ്പും ബി ഗ്രേഡ് നേടി. പ്രവൃത്തി പരിചയമേള : 90, ഗണിതശാസ്ത്രമേള : 28, ശാസ്ത്രമേള : 24, സാമൂഹ്യ ശാസ്ത്രമേള : 16 എന്നിങ്ങനെയാണ് പങ്കെടുത്ത കുട്ടികളുടെ എണ്ണം.
കലാ, കായിക, ശാസ്ത്ര രംഗങ്ങളിൽ മാത്രമല്ല വിജയ ശതമാനത്തിലും ജില്ലയുടെ സ്ഥിതി പരിതാപകരമാണ്. മാറ്റത്തിനായി പദ്ധതികൾ പലതും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല എന്നതാണ് സ്ഥിതി. സർക്കാർ സ്കൂളുകൾ എല്ലാ രംഗങ്ങളിലും പിന്നിൽ പോകുമ്പോഴും ഒരു കൂട്ടം മികച്ച സ്വകാര്യ സ്കൂളുകളാണ് മറ്റ് പല ജില്ലകളെയും തലയുയർത്തി നിർത്താൻ സഹായിക്കുന്നത്. ഇത്തരം സ്വകാര്യ സ്കൂളുകളുടെ എണ്ണം താരതമ്യേന കുറവായതാണ് ജില്ലയുടെ പിന്നാക്കാവസ്ഥക്ക് കാരണമെന്നതാണ് യാഥാർഥ്യം. സർക്കാർ സ്കൂളുകളെ ലക്ഷ്യമിട്ട് നടപ്പാക്കുന്നതൊന്നും ലക്ഷ്യത്തിലെത്തുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.