പത്തനംതിട്ട: അമൃത് 2.0 പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് 8.70 കോടികൂടി അധികം കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കും. സംസ്ഥാന സർക്കാറിന്റെയും നഗരസഭയുടെയും വിഹിതം ഉൾപ്പെടുന്നതാണ് തുക. പുതിയ ജലസംഭരണികൾ സ്ഥാപിക്കുക, പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിൽ വെള്ളം എത്തിക്കുക എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കാണ് അധിക തുക അനുവദിച്ചത്. 2200 കുടുംബത്തിന് ഗുണം ലഭിക്കും.
പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണി സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിരുന്നു. ഉടമകൾ ഭൂമി സൗജന്യമായാണ് നഗരസഭക്ക് കൈമാറിയത്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് അനുവദിച്ച 21 കോടിയിൽനിന്ന് ജലസംഭരണി നിർമാണത്തിന് ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ തുകക്കായി അമൃത് മിഷനെ സമീപിച്ചത്. അപേക്ഷക്ക് സംസ്ഥാന ഹൈപവർ കമ്മിറ്റി നേരത്തേ അംഗീകാരം നൽകിയിരുന്നു.
പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനം നടന്നുവരുകയാണ്. മൂന്ന് ഘട്ടത്തിലായി നടപ്പാക്കുന്ന പദ്ധതിയുടെ രണ്ട് ഘട്ടം പൂർത്തിയായി. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഇൻടേക് വെല്ലിന്റെയും കലക്ഷൻ ചേംബറിന്റെയും നിർമാണം ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു.
ജില്ല കേന്ദ്രത്തിന് സമഗ്ര കുടിവെള്ള പദ്ധതിയെന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവെക്കുകയാണ് നഗരസഭ. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്താണ് ഭരണസമിതി മുന്നോട്ടുപോകുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.