കോഴഞ്ചേരി: കഴിഞ്ഞ രണ്ടുവർഷവും കോവിഡ് മൂലം ആചാരപരമായ ചടങ്ങുകളിൽ മാത്രമൊതുങ്ങിയ ആറന്മുള വള്ളസദ്യക്ക് ഇത്തവണ ഇതുവരെ ഭക്തർ ബുക്ക് ചെയ്തിരിക്കുന്നത് മുന്നൂറോളം വള്ളസദ്യകൾ. ആഗസ്റ്റ് നാല് മുതൽ ഒക്ടോബർ ഒമ്പതുവരെ രണ്ട് മാസക്കാലം നടക്കുന്ന വള്ളസദ്യ വഴിപാടിന് ഒരുദിവസം 10 വള്ളസദ്യ എന്ന കണക്കിൽ നടത്താനാണ് പള്ളിയോട സേവാസംഘം തീരുമാനം.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി ആചാരപരമായി ചടങ്ങിന് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തിയത്. 2020ൽ ഒരുപള്ളിയോടത്തിനും 2021 ൽ മൂന്ന് പള്ളിയോടത്തിനും മാത്രമാണ് അനുമതി ലഭിച്ചത്. മാറിയ സാഹചര്യത്തിൽ വള്ളസദ്യ വഴിപാടിന് ബുക്കിങ് പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന ദിവസത്തെ വള്ളസദ്യ വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് പള്ളിയോട സേവാസംഘം ഓഫിസിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പള്ളിയോടത്തിലെത്തുന്ന തുഴച്ചിൽക്കാരെ പാർഥ സാരഥിയായി കണ്ട് വഴിപാടുകാരൻ സത്കരിക്കുന്നതാണ് വള്ളസദ്യയുടെ പ്രത്യേകത. നതോന്നതയുടെ ശൈലിയിലുള്ള വഞ്ചിപ്പാട്ടുകളും ശ്ലോകങ്ങളും ഉപയോഗിച്ച് വിഭവങ്ങൾ പാടിച്ചോദിക്കുന്നതാണ് വള്ളസദ്യയുടെ രീതി.
64 വിഭവങ്ങളാണ് വള്ളസദ്യക്കായി ഒരുക്കുന്നത്. ഇതിനുപുറമേ പള്ളിയോടത്തിലെത്തുന്ന കരക്കാർ പാടിച്ചോദിക്കുന്ന ഇരുപതോളം വിഭവങ്ങളും ഒരുക്കും. ക്ഷണിക്കപ്പെടുന്നവർ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. ഒരുദിവസം നിശ്ചിത എണ്ണത്തിൽ കൂടുതൽ വള്ളസദ്യകൾ അനുവദിക്കില്ല. തിരക്ക് നിയന്ത്രണവിധേയമാക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.