പത്തനംതിട്ട: നിര്‍ത്തലാക്കിയ പത്തനംതിട്ട-ചെങ്ങന്നൂര്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് ആറന്മുള ഉത്രട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്നതിന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി. ആറന്മുള വള്ളംകളി, വള്ളസദ്യ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ആറന്മുള ഉത്രട്ടാതി വള്ളംകളി, വള്ളസദ്യ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഭക്തജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി വഴിപാടില്‍ പങ്കെടുക്കാനുമുള്ള സൗകര്യം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. ഒരുക്കങ്ങളുടെ ഏകോപനത്തിന്റെ കോഓഡിനേറ്ററായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാറിനെയും അസി. കോഓഡിനേറ്ററായി കോഴഞ്ചേരി തഹസില്‍ദാരെയും ചുമതലപ്പെടുത്തി.
പമ്പാ നദിയില്‍ കോഴഞ്ചേരി പാലം നിര്‍മാണം നടക്കുന്ന സ്ഥലത്ത് പള്ളിയോടം കടന്നുപോകുന്നതിനുള്ള തടസ്സം അടിയന്തരമായി നീക്കംചെയ്യണം. പള്ളിയോടത്തിന്റെ യാത്രക്ക് തടസ്സമായി നദിയിലുള്ള മണല്‍ ചാക്കുകളും ചളിയും നീക്കംചെയ്യണം. ആറന്മുള സത്രത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണം. ആറന്മുളയില് ഫയര്‍ഫോഴ്സ് യൂനിറ്റിനെയും സ്കൂബ ടീമിനെയും വിന്യസിക്കണം. നദിയിലേക്ക് മാലിന്യം ഇടുന്നവരെ കാമറ നിരീക്ഷണത്തിലൂടെ കണ്ടെത്തി പിഴ ചുമത്തണം.
ടി.കെ റോഡില്‍ ഇലന്തൂര്‍ മാര്‍ത്തോമ പള്ളിക്കു സമീപമുള്ള കലുങ്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയുമായി ബന്ധപ്പെടുത്തി ടൂറിസം പാക്കേജ് ഉടന്‍ ആരംഭിക്കുന്നതിനുള്ള സാധ്യത ഡി.ടി.പി.സി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വള്ളസദ്യയുടെ ബുക്കിങ് ഇത്തവണ നടന്നിട്ടുണ്ട്. അതിനാൽ ജനപ്രവാഹം കൂടുതലായിരിക്കും. ഇതു കണക്കിലെടുത്തുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എ.ഡി.എം ബി. രാധാകൃഷ്ണന്, തിരുവല്ല സബ്കലക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആർ.ഡി.ഒ തുളസീധരന്‍പിള്ള, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്, സെക്രട്ടറി പാർഥസാരഥി ആര്. പിള്ള, അസി. ദേവസ്വം കമീഷണര്‍ ആര്. പ്രകാശ്, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ ബി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.