പത്തനംതിട്ട: കൈയേറ്റങ്ങളുടെ വാർത്തകൾ കേട്ട് തഴമ്പിച്ച മലയാളി കാഴ്ചപരിമിതരെയും വെറുതെവിട്ടില്ല. പത്തനംതിട്ട ജില്ല ആസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിൽ കാഴ്ച പരിമിതർക്ക് സഞ്ചരിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്ന പാതയും കൈയേറി. കെ.എസ്.ആര്.ടി.സി ആസ്ഥാനത്തുനിന്ന്, കച്ചവടത്തിന് സ്ഥലം ലേലംചെയ്തു കൊടുത്തപ്പോൾ ജില്ലയിലെ പൊലീസ് അധികൃതരാകട്ടെ എയ്ഡ്പോസ്റ്റും സ്ഥാപിച്ചാണ് കൈയേറ്റം നടത്തിയിരിക്കുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മഞ്ഞനിറത്തിലുള്ള ടൈല്‍സ് പതിച്ച പാതയാണ് ‘ബ്രെയ്ലി വേ’. അന്ധരെ പഠിപ്പിച്ചിരിക്കുന്ന പ്രത്യേകതരം ടൈലുകൾ പതിച്ച തറയിൽനിന്നുള്ള സ്പർശനത്തിലൂടെയാണ് അവർ മുന്നോട്ടുനീങ്ങുന്നത്. കൈവശമുള്ള വൈറ്റ് കെയ്ൻ എന്ന വടികൊണ്ട് കുത്തി ഈ പാത അവർക്ക് തിരിച്ചറിയാനാകും.
സാധാരണ നിരപ്പിൽനിന്ന് അരയിഞ്ച് ഉയർത്തിയാണ് ടാക് ടൈൽ എന്ന് അറിയപ്പെടുന്ന ടൈൽ പാകുന്നത്. കെ.എസ്.ആര്.ടി.സിയുടെ പുതുതായി പണിത ടെർമിനിലുകളിൽ മിക്കതിലും ബ്രെയ്ലി പാതകളുണ്ട്. പത്തനംതിട്ടയിൽ ടാക് ടൈൽ പാതയിലാണ് ജ്യൂസ് കടയും ശൗചാലയത്തിന്റെ കൗണ്ടറും പ്രവർത്തിക്കുന്നത്. ഈ വഴിയുടെ ഒത്ത നടുക്കാണ് പൊലീസ് എയ്ഡ് പോസ്റ്റിനുള്ള കാബിന് സ്ഥാപിച്ചിരിക്കുന്നത്. ഇത് എന്തിനാണെന്നുപോലും ജില്ല ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അറിയില്ല. എന്തോ ഡിസൈനാണെന്ന് മാത്രമാണ് അധികൃതര്‍ക്ക് മനസ്സിലായിട്ടുള്ളത്.
ഇവിടെ ബൂത്തിന്റെയും കടയുടെയും പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇതേപ്പറ്റി അറിവുള്ള യാത്രക്കാര്‍ അധികൃതരോട് ഇത് ബ്രെയ്ലി വേ ആണെന്നും ഇവിടെ മറ്റ് നിര്‍മാണങ്ങള്‍ പാടില്ലെന്നും പറഞ്ഞിരുന്നു. ഈ പാതയില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടം. തിരുവനന്തപുരത്തുനിന്നാണ് കടകള്‍ക്കുള്ള സ്ഥലം ലേലംചെയ്തുകൊടുത്തതെന്നും പരാതിയുണ്ടെങ്കില്‍ അവിടെ ചെന്ന് പറയാനുമാണ് ഇവര്‍ പറയുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും അംഗപരിമിതര്ക്കുമൊക്കെയാണ് റാമ്പ്, ബ്രെയ്ലി വേ തുടങ്ങിയവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും വേണമെന്ന് നിയമമുണ്ട്. മിക്ക ഓഫിസുകളിലും ഇതുണ്ടാകാറില്ല. പൊതുജനം ആശ്രയിക്കുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ പ്ലാൻ തയാറാക്കുമ്പോൾ തന്നെ അതിൽ ടാക്ടൈലും ഉറപ്പാക്കണമെന്ന് 2016ലെ ഭിന്നശേഷി നിയമത്തിൽ പറയുന്നുണ്ട്. പക്ഷേ, തങ്ങള്‍ നിസ്സഹായരാണെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. കെട്ടിടനമ്പർ കിട്ടുന്നതുവരെയാണ് പലയിടത്തും ഇതിന് പ്രാധാന്യം നൽകുന്നത്. ടാക് ടൈൽ സ്ഥാപിച്ചിടത്തെ കൈയേറ്റങ്ങൾ ഭിന്നശേഷി കമീഷൻ കേസെടുത്ത സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10,000 മുതൽ അരലക്ഷം രൂപവരെയാണ് ഇതിനുള്ള ശിക്ഷ. കാഴ്ച പരിമിതർക്കും ഇത്തരം സൗകര്യം ചെയ്ത് കൊടുക്കുന്നത് ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും അവർക്ക് ഒരുക്കിയ സൗകര്യം ഇല്ലാതാക്കുന്നത് കുറ്റമാണെന്നും സംസ്ഥാന ഭിന്നശേഷി കമീഷണർ ജസ്റ്റിസ് എസ്.എച്ച് പഞ്ചാപകേശൻ പ്രതികരിച്ചു. ബസ് സ്റ്റാൻഡുകളിൽ അന്ധർക്കുള്ള നടവഴി കൈയേറുന്നത് ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സാമൂഹിക നീതി മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.