പത്തനംതിട്ട: ജില്ലയിൽ നിന്നുള്ള ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ, പത്തനംതിട്ട എം.പി ആന്റോ ആന്റണി എന്നിവർക്കെതിരെ കടുത്ത വിമർശം ഉയർത്തി ഡി.സി.സി മുൻ ഭാരവാഹികളും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ബാബു ജോർജും സജി ചാക്കോയും. സി.പി.എമ്മിൽ ചേരുന്നത് അടക്കം കാര്യങ്ങൾ അറിയിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പം പി.ജെ. കുര്യനും ആന്റോ ആന്റണിക്കും എതിരെ നേരിട്ടുള്ള വിമർശമുയർത്തുകയായിരുന്നു. അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ടായിട്ടും കോൺഗ്രസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ കെ. സുധാകരൻ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന ഗുരുതര ആരോപണമാണ് ഉയർത്തിയത്.
പീലിപ്പോസ് തോമസിനെ ഒഴിവാക്കി ആന്റോ ആന്റണിയെ ലോക്സഭ സ്ഥാനാർഥിയാക്കിയതോടെയാണ് ജില്ലയിൽ കോൺഗ്രസിന് ക്ഷതമേറ്റ് തുടങ്ങിയതെന്ന് ഇരുവരും കുറ്റപ്പെടുത്തുന്നു. ഡി.സി.സി പ്രസിഡന്റായിരുന്ന പീലിപ്പോസ് തോമസിന്റെ സംഘടനാശേഷിയെ അംഗീകരിക്കാൻ പാർട്ടി തയാറായില്ല. അദ്ദേഹം ഉൾപ്പെടെ പാർട്ടി വിട്ടപ്പോൾ ജില്ലയിൽ സംഘടനക്ക് തകർച്ചയുണ്ടായി.
40 വർഷം എം.പിയും വിവിധ ഉന്നത സ്ഥാനങ്ങളും അലങ്കരിച്ച പി.ജെ. കുര്യൻ നാടിനുവേണ്ടിയും കോൺഗ്രസിനുവേണ്ടിയും ഒന്നും ചെയ്തില്ലെന്നും ഇരുവരും കുറ്റപ്പെടുത്തി. കേവലം അഞ്ച് വർഷം ഡി.സി.സി പ്രസിഡന്റായിരുന്ന ബാബു ജോർജിനെ പാർട്ടിയുടെ തകർച്ചക്ക് കാരണക്കാരനായിയെന്ന് ആരോപിക്കുന്നതിലും കഴമ്പില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി നേതാക്കളാണ് ജില്ലയിൽ നിന്നു കോൺഗ്രസ് വിട്ടത്.
നിലവിലെ ഡി.സി.സി പ്രസിഡന്റും അദ്ദേഹത്തിന്റെ സഹോദരനും ചേർന്ന് ഇപ്പോൾ പാർട്ടിയെ ഇല്ലായ്മ ചെയ്യുകയാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പോടെ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന്റെ തകർച്ച പൂർണമാകും. യു.ഡി.എഫ് സ്ഥാനാർഥിയായി ആന്റോ ആന്റണി മത്സരിച്ചാൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടേക്കാം. മറ്റാരെങ്കിലുമെത്തിയാലും വിജയിക്കാനിടയില്ലെന്നും ഇരുവരും പറഞ്ഞു.
പത്തനംതിട്ട: കോൺഗ്രസ് പുറത്താക്കിയ ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജും മുൻ ജനറൽ സെക്രട്ടറി പ്രഫ. സജി ചാക്കോയും വെള്ളിയാഴ്ച സി.പി.എമ്മിൽ ചേരും. പത്തനംതിട്ടയിൽ നടക്കുന്ന യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇരുവർക്കും പാർട്ടി അംഗത്വം നൽകും. ഇരുവരെയും കോൺഗ്രസ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് നീതി നിഷേധിച്ചതായി ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമാർ കൂടിയായ ബാബു ജോർജും പ്രഫ. സജി ചാക്കോയും ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റിന് കോൺഗ്രസ് സംസ്കാരം എന്താണെന്ന് അറിയില്ലെന്നും പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ച നടപടി പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. നാളിതുവരെ വിശദീകരണം ചോദിച്ചില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് ഖേദപ്രകടനം നടത്തി കത്ത് നൽകി. എന്നാൽ, അത് പരിഗണിച്ചില്ല. ഉമ്മൻ ചാണ്ടി രോഗശയ്യയിലായിരിക്കുമ്പോഴും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതാണ്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ചിന്തൻ ശിബിരവുമെല്ലാം തിരിച്ചെടുക്കാൻ നിർദേശം നൽകി. എന്നാൽ, കെ.പി.സി.സി ഓഫിസ് ഭരിക്കുന്ന ഉപജാപകവൃന്ദവും പത്തനംതിട്ടയിൽനിന്ന് പി.ജെ. കുര്യനും സംഘവും തങ്ങളെ തിരിച്ചെടുക്കുന്നതിന് എതിരായ നിലപാടെടുക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. നാടിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുകയാണ് മെച്ചം. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ ഉന്നതിക്കും സി.പി.എമ്മിന്റെ നയങ്ങളാണ് അഭികാമ്യമെന്നും ഇരുവരും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പത്തനംതിട്ടയിൽ നവകേരള സദസ്സിന്റെ പ്രഭാത ചർച്ചയിലും ഇരുവരും പങ്കെടുത്തതിനു പിന്നാലെ സി.പി.എമ്മിലേക്കുള്ള വഴി തെളിയുകയായിരുന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡി.സി.സിയിൽ നടന്ന യോഗത്തിനിടെ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് ബാബു ജോർജിന് നടപടി നേരിടേണ്ടിവന്നത്. മല്ലപ്പള്ളി സഹകരണ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സി.പി.എം പ്രതിനിധിക്ക് നൽകിയെന്ന പേരിലാണ് സജി ചാക്കോക്കെതിരെ നടപടി വന്നത്. ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജി ചാക്കോയെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.