പത്തനംതിട്ട: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണക്കാരനായ കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍ നടക്കുന്ന പശ്ചാത്തല സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കരാറുകാരന് നാലുതവണയാണ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കിയത്. എന്നിട്ടും നിരുത്തരവാദപരമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല. നഗരത്തിലെ റോഡുകളിലൂടെയുള്ള ഗതാഗതം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പി.ഡബ്ല്യു.ഡി, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ കൃത്യമായ രീതിയുള്ള ആശയവിനിമയം നടത്തണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട നഗരത്തില്‍ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന നടപടി 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലതലത്തില്‍ നിര്‍മാണ പുരോഗതി ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷന് മുതല്‍ അബാന്‍ ജങ്ഷന് വരെ റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കരാറുകാരുടെയും ചീഫ് എന്‍ജിനീയറുടെയും യോഗം വിളിച്ചിരുന്നു. നിലവില്‍ കരാറുകാരന് 10 ദിവസത്തേക്കുകൂടി സമയം നീട്ടി നല്‍കിയിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളില്‍ ഇനിയും പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
നഗരത്തിലെ താറുമാറായ റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന കരാറുകാരനെതിരെ നടപടികളുമായി നഗരസഭ. ജില്ല ആസ്ഥാനത്തെ കാലപ്പഴക്കം ചെന്ന കുടിവെള്ള വിതരണ പൈപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരാർ എടുത്തത് ലോട്ടസ് എന്ന കമ്പനിയാണ്. 2021 ജൂണിൽ കമ്പനി ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുമായി കരാർ ഉണ്ടാക്കി. ഒമ്പതുമാസമായിരുന്നു കരാർ കാലാവധി. എന്നാൽ, കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാതിരുന്ന ലോട്ടസ് കമ്പനിക്ക് വീണ്ടും കാലാവധി ജല അതോറിറ്റി ദീർഘിപ്പിച്ച് നൽകി. പൈപ്പ് ലൈൻ സ്ഥാപിക്കാൻ നഗരത്തിലെ റോഡുകളുടെ വശങ്ങളിൽ എടുത്ത കുഴികൾ മണ്ണിട്ട് നികത്തി വെറ്റ് മിക്സ് ഉപയോഗിച്ച് റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്.
നഗരത്തിലൂടെയുള്ള യാത്ര ദുസ്സഹമായിട്ടും നിരവധി അപകടങ്ങൾ ഉണ്ടായിട്ടും റോഡ് പൂർവസ്ഥിതിയിലാക്കാൻ കമ്പനി തയാറായില്ല. പ്രവൃത്തി നിർവഹണവുമായി നഗരസഭക്ക് ഒരു ബന്ധവുമിെല്ലന്ന് ചെയർമാൻ അറിയിച്ചു. ജനങ്ങളിൽനിന്ന് പരാതി ഉയർന്നതോടെയാണ് നഗരസഭ ഈ വിഷയത്തിൽ ഇടപെട്ടതെന്നും ചെയർമാൻ പറഞ്ഞു.
ജലവിഭവ മന്ത്രിക്ക് കരാറുകാരനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കരാറുകാരനെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങാൻ ചെയർമാൻ നിർദേശം നൽകിയതിനെത്തുടർന്ന് കേരള മുനിസിപ്പാലിറ്റി നിയമം 440 വകുപ്പുപ്രകാരം ലോട്ടസ് കമ്പനിക്ക് ശനിയാഴ്ച നഗരസഭ സെക്രട്ടറി നോട്ടീസ് നൽകി. പൈപ്പിടുന്നതിന് എടുത്ത കുഴികൾ യഥാവിധി നികത്താത്തതുകാരണം കുഴികളും മൺകൂനകളും രൂപപ്പെട്ടിട്ടുള്ളതും ജനത്തിന് തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും ധാരാളം അപകടങ്ങൾ സംഭവിക്കുന്നുവെന്നും സെക്രട്ടറി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനകം മൺകൂനകളും കുഴികളും നികത്തി റോഡ് പൂർവസ്ഥിതിയിലാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് സെക്രട്ടറി നോട്ടീസിൽ നിർദേശിക്കുന്നു. വീഴ്ച വരുത്തിയാൽ ലോട്ടസ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കുറ്റവിചാരണക്ക് വിധേയമാക്കും എന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ തകർന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് വിവിധ വ്യാപാരി സംഘടനകൾ നഗരസഭ ചെയർമാന് കത്ത് നൽകി. ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നഗരസഭ തയാറാകണമെന്ന് വ്യാപാരി സമിതികൾ ആവശ്യപ്പെട്ടു. രൂക്ഷമായ പൊടിശല്യവും ചളിയുംമൂലം നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.പരാതിയെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് നഗരസഭ ചേംബറിൽ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം ചെയർമാൻ വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.