പത്തനംതിട്ട: രണ്ടുദിവസമായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിൽ രാത്രിയാത്ര നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തി ജില്ല ഭരണകൂടം അപകട മുന്നറിയിപ്പ് നൽകി. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും ഇന്നുമുതൽ ഈമാസം 23 വരെ നിരോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാൻ കൂടിയായ കലക്ടർ എസ്. പ്രേം കൃഷ്ണന് ഉത്തരവിറക്കി. ഗവി ടൂറിസം മേഖലക്കും യാത്രാനിയന്ത്രണം ബാധകമാണ്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്ര ചെയ്യാം.
കോട്ടയം, ഇടുക്കി ജില്ലകൾക്ക് പുറമെ പത്തനംതിട്ടയിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
ജില്ലയില്‍ അതിശക്ത മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഞായറാഴ്ചമുതല്‍ ഈമാസം 23 വരെ ജില്ലയിലെ എല്ലാ ജില്ലതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണമെന്ന് ജില്ല ഭരണകൂടം കർശന നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ എത്തണം. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകട മേഖലകളിൽ ജീവനക്കാർ ഉടനടി സഹായം എത്തിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവർക്ക് ഉത്തരവ് ബാധകമല്ല.
ജില്ല ദുരന്ത നിവാരണ അതോറിറ്റി, പത്തനംതിട്ട - പ്രകൃതിക്ഷോഭം - ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കും. ജിളോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലും താമസിക്കുന്നവരേയും മാറ്റി താമസിപ്പിക്കാൻ ജില്ല ഭരണകൂടം നിർദ്ദേശം നൽകി.
ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ഇന്നുമുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം നിരോധിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി കലക്ടർ അറിയിച്ചു.നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്ട്രോള് റൂമുകളില്‍ പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.