കോന്നിയിൽ നിന്ന് നോർവേയിലേക്ക് കായ വറുത്തത് അയച്ചു; കിട്ടിയത് എലി കരണ്ട പായ്ക്കറ്റ് -തപാൽ വകുപ്പിന് പരാതി

കോന്നി: 2678 രൂപ മുടക്കിയാണ് കോന്നിയിൽ നിന്ന് ഒരു കിലോ കായ വറുത്തത് നോർവേയിലേക്ക് അയച്ചത്. രണ്ടാഴ്ചക്കു ശേഷം സാധനം മേൽവിലാസക്കാരന് കിട്ടി. എന്നാൽ പായ്ക്കറ്റ് എലി കരണ്ട നിലയിലായിരുന്നു. തുടർന്ന് പാഴ്‌സല്‍ അയച്ച കോന്നി പുളിക്കമണ്ണില്‍ രവീന്ദ്രന്‍ പിള്ള പോസ്റ്റ് മാസ്റ്റര്‍ ജനറലിന് പരാതി നല്‍കി. ജനുവരി 30 നാണ് കോന്നി പോസ്റ്റ് ഓഫീസില്‍ നിന്ന് രവീന്ദ്രന്‍ പിള്ള ഒരു കിലോ ഏത്തക്കായ ഉപ്പേരി നോര്‍വേയ്ക്ക് അയയ്ക്കാന്‍ ബുക്ക് ചെയ്തത്. നോര്‍വേയില്‍ സ്ഥിരതാമസമാക്കിയ ചെറുമകള്‍ക്ക് വേണ്ടിയായിരുന്നു പാഴ്‌സല്‍. വീട്ടിലുണ്ടാക്കിയ ഉപ്പേരി രണ്ടു പായ്ക്കറ്റുകളിലാക്കിയാണ് അയച്ചത്.

2678രൂപ 60പൈസ പോസ്റ്റ് ഓഫിസില്‍ അടച്ചു. പാര്‍സല്‍ വ്യാഴാഴ്ച മേല്‍വിലാസക്കാരന് ലഭിച്ചു. എന്നാൽ പായ്ക്കറ്റ് ഇത് എലി കരണ്ട രീതിയില്‍ ആയിരുന്നു. ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് നോര്‍വീജിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേല്‍വിലാസക്കാരിക്ക് കൈമാറിയത്. അയച്ചതിന് ശേഷം താന്‍ പായ്ക്കറ്റ് ട്രാക്ക് ചെയ്തിരുന്നുവെന്ന് രവീന്ദ്രന്‍ പിള്ള പറഞ്ഞു. കൊച്ചിയിലും മുംബൈയിലും മൂന്നു ദിവസം വീതം പാഴ്‌സല്‍ കെട്ടിക്കിടന്നു. അതിന് ശേഷമാണ് നോര്‍വേയിലേക്ക് അയച്ചത്. ഇതിനിടെയാകാം എലി കരണ്ടതെന്ന് പിള്ള പറയുന്നു.

നോര്‍വേയില്‍ ഇപ്പോല്‍ താപനില -15 ഡിഗ്രി സെല്‍ഷ്യസാണ്. അവിടെ കിട്ടിയ പായ്ക്കറ്റ് ഈ നിലയിലായിരുന്നു. അവിടെ വച്ച് എലി തിന്നാന്‍ ഒരു സാധ്യതയുമില്ല. അതു കൊണ്ടാണ് അവിടുത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പാഴ്‌സല്‍ രജിസ്റ്റര്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എലി തിന്ന പാഴ്‌സലിന്റെ ചിത്രം സഹിതം പോസ്റ്റ് മാസ്റ്റര്‍ ജനറലിന് പരാതി നല്‍കി.

Tags:    
News Summary - banana chips sent to Norway from konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.